ചിക്കനെചൊല്ലി പരാതി പറഞ്ഞ കുട്ടികള്‍ക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു
ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മോശം പെരുമാറ്റത്തിനു മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് ശൃംഖലയായ ചിക്ക് കിംഗ്. എറണാകുളം എംജി റോഡ് ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.
ലഭിച്ച ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞദിവസങ്ങളിൽ വൈറലായിരുന്നു. പിന്നാലെ കുട്ടികൾക്കു നേരെ കത്തി വീശിയ സംഭവത്തിൽ ചിക്ക് കിംഗിന്റെ നേജർക്കെതിരെയും ഇയാളെ മർദിച്ചതിന് നാലു പേർക്കെതിരെയും എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.
എറണാകുളം മഹാരാജ് കോളജ് ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ 4 കുട്ടികളാണ് ചിക്ക് കിംഗിന്റെ ഔട്‌ലെറ്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ജോഷ്വായുമായി തർക്കമുണ്ടായത്. ഇതിനിടെ, കുട്ടികൾ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർത്തു. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവർ എത്തിയതോടെയാണു സംഘർഷം രൂക്ഷമായത്.
ചിക്ക് കിംഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടന്നു വരികയാണ്. അധികൃതരുമായി കേസ് അന്വേഷണത്തിൽ സഹകരിക്കും. സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുള്ള അക്രമമോ മോശം പെരുമാറ്റമോ അംഗീകരിക്കാൻ കഴിയില്ല. കസ്റ്റമർമാരുടെയും ജീവനക്കാരുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വം ഏറ്റവും പ്രധാനമാണ്. ഈ സാഹചര്യത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മാനേജരെ പിരിച്ചുവിടുന്നു. സ്ഥാപനത്തിന്റെ ആഭ്യന്തര പ്രോട്ടോക്കോളും പരിശീലന പരിപാടികളും റിവ്യൂ ചെയ്യുകയും ഭാവിയിൽ മോശപ്പെട്ട സംഭവങ്ങൾ ഉണ്ടാകില്ല എന്നുറപ്പാക്കുകയും ചെയ്യും.

