മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകും

 | 
jeep

തിരുവനന്തപുരം: മാനന്തവാടി ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 

ധനസഹായം സംബന്ധിച്ച് താമസിയാതെ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നു. ഒ ആർ കേളു എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു പ്രതികരണം. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തിൽ മരിച്ചവരെല്ലാം തോട്ടം തൊഴിലാളികളായിരുന്നു. 
 
ഓഗസ്റ്റ് 25നാണ് ഒമ്പത് സ്ത്രീകളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. തേയില നുള്ളാനായി പോയി മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപെട്ടത്. വാളാട് നിന്ന് തലപ്പുഴയിലേക്ക് വരുമ്പോഴാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ജീപ്പ് 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വളവ് തിരിയുന്നതിനിടെയാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. പാറകൾ നിറഞ്ഞ സ്ഥലത്ത് ജീപ്പ് വന്നുപതിച്ചതിനാൽ ജീപ്പ് പൂർണമായും തകർന്നിരുന്നു.