മണര്‍കാട് പള്ളിയിലെ എട്ടുനോമ്പ് പെരുനാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്
മണര്‍കാട് പള്ളിയില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടാം തിയതി വരെ നടക്കുന്ന എട്ടുനോമ്പ് പെരുനാളിന്റെ പശ്ചാചത്തലത്തില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അപേക്ഷ നല്‍കി. സെപ്റ്റംബര്‍ 5നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തിയതിയാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് മണര്‍കാട് പള്ളി.
എട്ടുനോമ്പിന് വലിയ തോതില്‍ വിശ്വാസികള്‍ എത്തിച്ചേരുന്നതുകൊണ്ട് വോട്ടെടുപ്പും വോട്ടെണ്ണലും നടത്തുന്നത് പ്രയാസമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. വലിയ തോതില്‍ ഗതാഗതക്കുരുക്കുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വേഗം പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസോ സിപിഎമ്മോ പ്രതീക്ഷിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകിട്ടാണ് പ്രഖ്യാപനം വന്നത്. തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്റെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
സിപിഎം സ്ഥാനാര്‍ത്ഥിയായി റെജി സഖറിയ, ജെയ്ക് സി തോമസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അനില്‍ ആന്റണിയോ ജോര്‍ജ് കുര്യനോ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. അനില്‍ ആന്റണിയുടെ പേരിന് തന്നെയാണ് കൂടുതല്‍ സാധ്യത.