നീലഗിരിയിലെ നരഭോജി കടുവ പിടിയില്‍
നാല് മനുഷ്യരെ കൊന്ന കടുവയെ പിടികൂടി. നീലഗിരിയില്‍ നാട്ടിലിറങ്ങി ഭീതി വിതച്ച ടി.23 എന്ന പേരില്‍ അറിയപ്പെടുന്ന കടുവയെയാണ് പിടികൂടിയത്. 21 ദിവസം നീണ്ടുനിന്ന ദൗത്യത്തിന് ഒടുവിലാണ് കടുവയെ പിടികൂടാനായത്. മസിനഗുഡിക്ക് സമീപത്തു നിന്നാണ് കടുവ പിടിയിലായത്. വ്യാഴാഴ്ച രാത്രി മയക്കുവെടി വെച്ചെങ്കിലും പിടിതരാതെ കടുവ കാട്ടിലേക്ക് രക്ഷപ്പെട്ടിരുന്നു. ഒരിക്കല്‍ പിടികൂടി കാട്ടില്‍ വിട്ടയച്ച കടുവയാണ് വീണ്ടും ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയതെന്നാണ് വിവരം.
മയക്കുവെടിയേറ്റ കടുവ മയങ്ങി വീണിരിക്കാമെന്ന ധാരണയില്‍ തെരച്ചില്‍ നടന്നു വരികയായിരുന്നു. കുങ്കിയാനകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. ഇന്നും കടുവ ഒരു എരുമയെ ആക്രമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടുവയെ വീണ്ടും മയക്കുവെടി വെച്ചിരുന്നുവെങ്കിലും വീണ്ടും രക്ഷപ്പെട്ടു.
തെരച്ചിലില്‍ പങ്കെടുത്ത കുങ്കിയാനയ്ക്ക് നേരെ കടുവ തിരിയുകയും ആന പിന്തിരിഞ്ഞോടുകയും ചെയ്ത സംഭവവും ഇതിനിടയിലുണ്ടായി. നാല് മനുഷ്യര്‍ക്ക് പുറമേ മുപ്പതോളം കന്നുകാലികളെയും കടുവ കൊന്നുതിന്നിരുന്നു. വളരെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന കടുവയെ പിടികൂടുന്നത് വളരെ ദുഷ്‌കരമായിരുന്നു.