എല്ലാ മതങ്ങളെയും സ്‌നേഹിക്കുന്ന വലിയ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്; വിശദീകരണവുമായി പാലാ രൂപത

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി പാലാ രൂപത
 | 
Explanation

ഭാവിയില്‍ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ചുള്ള പ്രവാചക ശബ്ദമാണ് ബിഷപ്പിന്റേതെന്ന് രൂപത

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി പാലാ രൂപത. എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്‌നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടെന്ന് സഹായ മെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്റെ പേരിലുള്ള വിശദീകരണം പറയുന്നു. സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്‍മാരെയും നിഷ്പ്രഭമാക്കി മതങ്ങളുടെ പേരും ചിഹ്നവും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് ബിഷപ്പ് ഉദ്ദേശിച്ചത്. ഈ സ്ഥിതിവിശേഷത്തെ തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചുള്ള ഒരു പ്രവാചക ശബ്ദം കൂടിയാണ് ബിഷപ്പിന്റേതെന്ന് സുരക്ഷിതമായ ഒരു സമൂഹത്തിനായുള്ള കരുതലിന്റെ സ്വരം എന്ന തലക്കെട്ടിലുള്ള പ്രസ്താവനയില്‍ രൂപത വ്യക്തമാക്കുന്നു. 

പ്രസ്താവന വായിക്കാം

സുരക്ഷിതമായ ഒരു സമൂഹത്തിനായുള്ള കരുതലിന്റെ സ്വരം

സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ചത്. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതു സാഹചര്യമാണ്. 

സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്‍മാരെയും നിഷ്പ്രഭമാക്കി മതങ്ങളുടെ പേരും ചിഹ്നവും സംജ്ഞകളും ഉപയോഗിച്ച് തീവ്രമൗലിക വാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. ഈ സ്ഥിതിവിശേഷത്തെ തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ ഉണ്ടാകാവുന്ന അപകടത്തെ കുറിച്ചുള്ള ഒരു പ്രവാചക ശബ്ദം കൂടിയാണത്. 

എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്‌നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആരും വേദനിക്കരുതെന്നുള്ള ഹൃദയാഭിലാഷമാണ് അദ്ദേഹം നല്‍കിയത്. തിന്മയുടെ വേരുകള്‍ പിഴുതെറിയുവാനുള്ള സമൂഹത്തിന്റെ കടമ അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി ഏകോദര സഹോദരങ്ങളെപ്പോലെ നമുക്ക് ജീവിക്കുകയും ചെയ്യാം. 

ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദും കത്തോലിക്കാ ഹിന്ദു പെണ്‍കുട്ടികളെയും യുവാക്കളെയും ഇരയാക്കുന്നുവെന്ന ബിഷപ്പിന്റെ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് രൂപത വിശദീകരണവുമായി രംഗത്തെത്തിയത്. ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയായണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.

കത്തോലിക്കാ കുടുംബങ്ങള്‍ ഇക്കാര്യത്തില്‍ കരുതിയിരിക്കണമെന്നാണ് ബിഷപ്പ് പ്രസംഗത്തില്‍പറഞ്ഞത്. കുറവിലങ്ങാട് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വിവാദ നിലപാടുകള്‍ ബിഷപ്പ് ആവര്‍ത്തിക്കുകയും കൂടുതല്‍ കടുപ്പിക്കുകയും ചെയ്തിരിക്കുന്നത്.