കേരളത്തില്‍ മാര്‍ക്ക് ജിഹാദ്! പുതിയ കണ്ടുപിടിത്തവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍

 | 
Delhi University
കേരളത്തില്‍ മാര്‍ക്ക് ജിഹാദെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലെ അധ്യാപകന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ മാര്‍ക്ക് ജിഹാദെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലെ അധ്യാപകന്‍. യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കിരൊരി കോളേജിലെ ഫിസിക്സ് പ്രൊഫസറായ് രാകേഷ് കുമാര്‍ പാണ്ഡെയാണ് കേരളത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ ആസൂത്രിതമായ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ചില സംഘടിത ശക്തികളാണ് ഇതിന് പിന്നിലെന്നും ഇയാള്‍ ആരോപിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഗ്രാജ്വേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ച പശ്ചാത്തലത്തിലാണ് പരാമര്‍ശം.

ആദ്യ കട്ട് ഓഫില്‍ തന്നെ കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സുകളില്‍ പ്രവേശനം നേടിയിരുന്നു. ഇതാണ് സംഘപരിവാര്‍ അനുകൂലിയായ അധ്യാപകനെ പ്രകോപിപ്പിച്ചത്. ആര്‍എസ്എസ് ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റാണ് ഇയാള്‍. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണ്. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാന്‍ ഇടതുപക്ഷ കേന്ദ്രമായ കേരളത്തില്‍ നിന്നും ആസൂത്രിത ശ്രമം നടക്കുന്നു. ിതിനായി മാര്‍ക്ക് ജിഹാദാണ് നടക്കുന്നതെന്നും സോഷ്യല്‍ മീഡിയ കുറിപ്പില്‍ അധ്യാപകന്‍ ആരോപിച്ചു.

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷിച്ച അതേ കാര്യം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കും വ്യാപിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുകയാണ്. ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നും ഇയാള്‍ പറഞ്ഞു.

'കേരള ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന പ്രതിഭാസം പുതിയതല്ല. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. പക്ഷെ അവര്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെ.എന്‍.യു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ഡല്‍ഹി യൂണിവേഴ്സിറ്റിയെ അവര്‍ക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ദല്‍ഹി യൂണിവേഴ്സിറ്റിയിലേക്കെത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവുമെന്നും അധ്യാപകന്‍ പിന്നീട് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.