രവി പിള്ളയുടെ മകന്റെ വിവാഹം; കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമെന്ന് ഹൈക്കോടതി

രവി പിള്ളയ്ക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കും നോട്ടീസ്

 | 
Ravi Pilai

കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവര്‍ക്കും ബാധകമെന്ന് കോടതി

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് രവി പിള്ളയ്ക്കും ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കും ദേവസ്വം ചുമതലയുള്ള റവന്യൂ സെക്രട്ടറിക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. തൃശൂര്‍ ജില്ലാ പോലീസ് മേധാവി, ഗുരുവായൂര്‍ ക്ഷേത്രം പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ്, എന്നിവര്‍ക്കും നോട്ടീസ് നല്‍കും. 

നടപ്പന്തലില്‍ പുഷ്പാലങ്കാരം നടത്താന്‍ രവി പിള്ളയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ കോടതിയെ നേരത്തേ അറിയിച്ചിരുന്നത്. വിവാഹത്തിനായി നടത്തിയ അലങ്കാരം പുഷ്പാലങ്കാരമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹത്തിനായി ഒരു കല്യാണമണ്ഡപം പ്രത്യേകം പുഷ്പാലങ്കാരം നടത്തിയിരുന്നു. ഇത് ഈ വിവാഹത്തിന് വേണ്ടി മാത്രമായി തയ്യാറാക്കിയതാണ്. നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റുകയായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. വിവാഹത്തിനായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിരുന്നോ എന്നും ഇവര്‍ ക്ഷേത്രത്തില്‍ എത്തിയ മറ്റു ഭക്തരെ തടഞ്ഞോ എന്നും കോടതി ചോദിച്ചു. 

മോഹന്‍ലാലിന്റെ കാര്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി സ്വീകരിച്ചിരുന്നു. വിവാഹത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ ആരെങ്കിലും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യവും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഉന്നയിച്ചു. വിഷയത്തില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റില്‍ അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് കെ.ബാബു എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിവാഹത്തില്‍ നടന്ന ചട്ടലംഘനങ്ങളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ അഡ്മിനിസ്‌ട്രേറ്റര്‍, രവി പിള്ള, തൃശൂര്‍ ജില്ലാ പോലീസ് മേധാവി, ഗുരുവായൂര്‍ ക്ഷേത്രം പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് തുടങ്ങിയവരെ എതിര്‍കക്ഷികളായി ചേര്‍ക്കുകയായിരുന്നു കോടതി. വിവാഹ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണം. ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ വിവാഹങ്ങള്‍ നടത്താന്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി. കേസ് ഒക്ടോബര്‍ 5ന് വീണ്ടും പരിഗണിക്കും.