രവി പിള്ളയുടെ മകന്റെ വിവാഹം; ഗുരുവായൂരില്‍ ഹൈക്കോടതി നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനം

ചട്ടലംഘനം ഉണ്ടാകരുതെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു
 | 
Ravi Pilai
ശതകോടീശ്വരനും മലയാളി വ്യവസായിയുമായ രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ ഹൈക്കോടതി നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനം

ശതകോടീശ്വരനും മലയാളി വ്യവസായിയുമായ രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ ഹൈക്കോടതി നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനം. 12 പേര്‍ക്ക് മാത്രമേ നടപ്പന്തലില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇത് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഹൈക്കോടതിയെ അറിയിച്ചതുമാണ്. വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള നടപടികള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എടുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിലായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ വ്യാഴാഴ്ച രാവിലെ നടപ്പന്തലില്‍ നടന്ന വിവാഹത്തില്‍ 50ഓളം ആളുകളാണ് പങ്കെടുത്തത്. ഇത് ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ്. 

Wedding

കേസ് 14-ാം തിയതിയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്. 13ന് ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, കെ.ബാബു എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് നടപ്പന്തലില്‍ കട്ടൗട്ടുകളും മരച്ചില്ലകളും കൊണ്ടുണ്ടാക്കിയ അലങ്കാരങ്ങള്‍ 6-ാം തിയതി തന്നെ നീക്കം ചെയ്തതായി ദേവസ്വം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. പുഷ്പാലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. അപ്പോഴാണ് യാതൊരു വിധത്തിലുമുള്ള കോവിഡ് മാനദണ്ഡ ലംഘനവും ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചത്. 

order

ഇവന്റ് മാനേജ്‌മെന്റ് കമ്പനി തങ്ങളുടെ അറിവില്ലാതെയാണ് ബോര്‍ഡുകളും മറ്റും വെച്ചതെന്നായിരുന്നു ദേവസ്വം ചെയര്‍മാന്‍ വ്യക്തമാക്കിയത്. വധൂവരന്‍മാര്‍ ഒഴികെ 12 പേര്‍ക്ക് മാത്രമാണ് വിവാഹത്തിനായി ക്ഷേത്രത്തില്‍ അനുമതിയുള്ളത്. എന്നാല്‍ ഇന്ന് വിവാഹത്തിന്റേതായി വന്ന ചിത്രങ്ങളിലും വീഡിയോകളിലും 50ലേറെപ്പേരെ വ്യക്തമായി കാണാം. മോഹന്‍ലാല്‍, രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരില്‍ എത്തിയിരുന്നു. 

Wedding

ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകള്‍ വരെ അലങ്കരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ കല്യാണം കോവിഡ് കാലത്ത് നടത്തിയത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു പരിപാടി നടത്താന്‍ അനുവാദം നല്‍കരുതെന്ന് കാണിച്ചാണ് ക്ഷേത്രരക്ഷാ സമിതി ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിരുന്നു.  ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. 

Wedding

ഗുരുവായൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് കോവിഡ് വ്യാപകമായുള്ള സമയത്താണ് എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും ലംഘിച്ച് ഇത്രയേറെ ആളുകളെ വിളിച്ച് കല്യാണം സംഘടിപ്പിച്ചത്. പൂന്താനം ഓഡിറ്റോറിയം അഞ്ച് ദിവസത്തേക്ക് വാടകക്കെടുത്താണ് ചടങ്ങുകള്‍. രവി പിള്ളയുടെ മകന്റെ വിവാഹം നടത്താന്‍ വേണ്ടി മാത്രം പ്രത്യേക മണ്ഡപം പണിയാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ചിലര്‍ ദേവസ്വത്തെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കല്യാണ മണ്ഡപത്തിന്റെ തൊട്ടടുത്തുള്ള സ്ഥലം വൃന്ദാവനം മാതൃകയില്‍ സെറ്റിടുകയും ചെയ്തു. ഇതിനെതിരെയും വലിയ പരാതി ഉയര്‍ന്നിരുന്നു.

Pandal

മുന്‍ എംഎല്‍എയായ സിപിഐ ദേവസ്വം ഭരണ സമിതി അംഗവും ജനതാദള്‍ അംഗവും നേരിട്ടാണ് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. അഷ്ടമിരോഹിണിക്ക് ഗുരുവായൂരില്‍ ചെയ്ത വൈദ്യുതാലങ്കാരം കല്യാണത്തിന് വേണ്ടി അഴിക്കാതെ നീട്ടിവച്ചതിനെതിരേയും വിശ്വാസികളുടെ വലിയ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്.