വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് പറയാനാകില്ല - സുപ്രീംകോടതി

ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം
 | 
supreme court

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും ബന്ധം വഷളായ ശേഷം ലൈംഗിക പീഡന കേസുകൾ ഫയൽ ചെയ്ത് നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിവാഹിതയായ ഒരു സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പറഞ്ഞ് ഒരു പുരുഷനെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.


വിവാഹ വാഗ്ദാനത്തെ തുടർന്നുള്ള ലൈംഗിക ബന്ധമെന്ന പേരിലുള്ള എല്ലാ കേസുകളും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ ഒരു സഹപ്രവർത്തകയെ തുടർച്ചയായി ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.


'വിവാഹിതയായ സ്ത്രീക്ക് മറ്റൊരു പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടശേഷം വിവാഹ വാഗ്ദാനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കാരണം പറഞ്ഞ് അയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്യാൻ കഴിയില്ല' കോടതി പറഞ്ഞു. കേസിലെ പ്രതിയുമായി ബന്ധത്തിലായിരുന്നപ്പോൾ യുവതി വിവാഹിതയായിരുന്നുവെന്നും കോടതി കണ്ടെത്തി. ആരോപണവിധേയൻ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് തെറ്റായ വിവാഹ വാഗ്ദാനത്തെ അടിസ്ഥാനമാക്കിയാണെന്ന വാദം അംഗീകരിച്ചാൽ പോലും, അങ്ങനെയൊരു വാഗ്ദാനം നിയമപരമായി നിലനിൽക്കില്ല. കാരണം ഇര വിവാഹിതയായത് കൊണ്ട് മറ്റൊരു വിവാഹത്തിന് യോഗ്യയായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രസ്തുത കുറ്റകൃത്യത്തിന്റെ അടിസ്ഥാന ഘടകങ്ങൾ അന്വേഷിച്ച് യഥാർത്ഥ ബലാത്സംഗ കേസുകൾ തിരിച്ചറിയുന്നതിൽ കോടതികൾ അതീവ ജാഗ്രത പാലിക്കണമെന്നും ബെഞ്ച് പറഞ്ഞു.