തൃശൂരില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച; ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് മൂന്നു കിലോ ആഭരണം കവര്‍ന്നു
തൃശൂര്‍ നഗരത്തില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് മൂന്നു കിലോ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് സംഭവമുണ്ടായത്. കാറിലെത്തിയ സംഘം ആഭരണങ്ങളുമായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ ആക്രമിച്ച് സ്വര്‍ണ്ണം സൂക്ഷിച്ച ബാഗുമായി കടന്നുകളയുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഡി പി ചെയിന്‍സ് എന്ന സ്വര്‍ണ്ണാഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് സ്വര്‍ണ്ണം കവര്‍ന്നത്. കന്യാകുമാരിയിലെ ജൂവലറികളില്‍ നല്‍കാനുള്ള ആഭരണങ്ങളുമായി ഇവര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെയാണ് കവര്‍ച്ചാസംഘം കാറിലെത്തി മോഷണം നടത്തിയത്.
സംഭവത്തില്‍ ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തു. ഇവരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് നീക്കം. സംഭവം ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.