കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയുടെ ആഭരണങ്ങൾ നഷ്ടമായി
കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ച 2 കോടി രൂപ മൂല്യമുള്ള ആഭരണങ്ങൾ നഷ്ടമായെന്നാണ് പൊലീസിൽ പരാതി ലഭിച്ചത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്.
രത്നക്കല്ലുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. ഇതിനു 10 ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസിനു നൽകിയ പരാതിയിൽ മോഷണം പോയ ആഭരണങ്ങളുടെ വിശദ വിവരങ്ങളും നൽകിയിട്ടുണ്ട്. മൂന്ന് പവൻ തൂക്കം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം, 2 പവൻ തൂക്കമുള്ള കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം, 4 പവൻ തൂക്കം വരുന്ന വീതിയുള്ള 2 വളകൾ, 3 പവൻ തൂക്കമുള്ള രണ്ട് പിരിവള, രണ്ടര പവൻ തൂക്കം വരുന്ന പിരിമാല, 5 പവനോളം തൂക്കം വരുന്ന കുഴിമിന്നുമാല, രത്നക്കല്ലുകൾ പതിച്ച 6 പവൻ തൂക്കമുള്ള 2 ഒഴുക്കൻ വള, പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു പവനോളം തൂക്കമുള്ള പതക്കമടങ്ങിയ മാല, കല്ല് പതിപ്പിച്ച രണ്ട് കമ്മലുകൾ, ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച മാലയും പതക്കവും. 2 പവൻ തൂക്കമുള്ള മാട്ടി, ഒരു പവൻ വീതം തൂക്കമുള്ള 5 സ്വർണ നാണയങ്ങൾ, എന്നിവയാണ് മോഷണം പോയതെന്നാണ് പരാതിയിലുള്ളത്.
