ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം; കോണ്‍ഗ്രസ് ആരോപണം പൊളിഞ്ഞു

 | 
Joju

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നുവെന്ന കോണ്‍ഗ്രസ് ആരോപണം പൊളിഞ്ഞു. ജോജു മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. മദ്യലഹരിയിലാണ് ജോജു ഉപരോധ സമരക്കാര്‍ക്ക് എതിരെ തിരിഞ്ഞതെന്നായിരുന്നു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചത്. നടന്റെ വാഹനത്തില്‍ മദ്യക്കുപ്പിയുണ്ടായിരുന്നെന്നും ഷിയാസ് പറഞ്ഞിരുന്നു.

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജോജു പിടിച്ച് തള്ളിയതായും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷിയാസ് പറഞ്ഞിരുന്നു. ജോജു സഭ്യമായ രീതിയിലല്ല പ്രതികരിച്ചത്. മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്‌റ്റൈല്‍ ഷോയാണ് നടത്തിയത്. വനിതാപ്രവര്‍ത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാനും ശ്രമിച്ചുവെന്നും ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാക്കിയ കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനെതിരെ വൈറ്റിലയിലാണ് ജോജു പ്രതികരിച്ചത്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തരുമായി വാക്കേറ്റമുണ്ടാകുകയും ജോജുവിന്റെ കാറിന്റെ ചില്ല് ചിലര്‍ തകര്‍ക്കുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ടാണ് ജോജുവിനെ മാറ്റിയത്. നടന്‍ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയായിരുന്നു.

സമരത്തിനെതിരെ പ്രതികരിച്ച ജോജുവിനെ ഗുണ്ടയെന്നും ക്രിമിനല്‍ എന്നുമാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വിശേഷിപ്പിച്ചത്. ജോജു എന്ന ക്രിമിനലിനെതിരേ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.