യുഎസ് ഓപ്പൺ പുരുഷ കിരീടം മെദ് വദേവിന്. ജോക്കോവിച്ച് റെക്കോർഡിനായി കാത്തിരിക്കണം.
ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരം എന്ന റെക്കോർഡ് നേടാൻ ജോക്കോവിച്ചിന് ഇനിയും കാത്തിരിക്കണം
Sep 13, 2021, 06:32 IST
| 
ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന പുരുഷ താരമെന്ന റെക്കോർഡിനായി നൊവാക് ജോക്കോവിച്ചിന് ഇനിയും കാത്തിരുന്നേ പറ്റൂ. യുഎസ് ഓപ്പൺ ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനിൽ മെദ് വദേവ് ആ നേട്ടം തൽക്കാലത്തേക്ക് തടഞ്ഞു നിർത്തി. തന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീടം ഒരു സെറ്റ് പോലും വിട്ടുനൽക്കാതെ നേടുകയും ചെയ്തു.
സ്കോർ 6-4, 6-4, 6-4.
ഫൈനൽ ജയിച്ചാൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ പുരുഷതാരമാകാനും കലണ്ടർ സ്ലാം നേടാനും സെർബിയൻ താരമായ ജോക്കോവിച്ചിന്റെ മുന്നിൽ അവസരം ഉണ്ടായിരുന്നു. എന്നാൽ മത്സരത്തിൽ ഉടനീളം മെദ് വദേവ് ഉജ്വലമായ ഫോമിൽ ആയിരുന്നു.
2019-യുഎസ് ഓപ്പൺ ഫൈനലിൽ റഫാൽ നദാലിനോട് കൈവിട്ട കിരീടം മെദ് വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.