മീശ വിനീത് വീണ്ടും അറസ്റ്റിൽ

 | 
fc

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് എന്ന പേരിൽ അറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റിലായത്. മടവൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിൽ പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലെത്തി ആക്രമണം നടത്തിയെന്നാണ് പരാതി. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. സംഭവത്തിൽ മറ്റു പ്രതികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനീത്. ഒന്നിലധികം സ്റ്റേഷനിലും വിനീതിനെതിരെ കേസുണ്ട്.
കാറ്, സ്കൂട്ടർ ഉൾപ്പടെ മോഷണകേസിലും കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും കേസുണ്ടായിരുന്നു. അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉൾപ്പെടെ വേറെയും പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്. ഒരുമാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി ആറ് പവൻ സ്വർണാഭരണങ്ങള്‍ വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി തീർന്നതോടെ യുവതി തിരികെ ആഭരണം ആവശ്യപ്പെട്ടു.

സ്വർണം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിനീത് വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. യുവതി തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് എത്തി. വിട്ടിലെത്തിച്ച ശേഷം വിനീത് യുവതിയെ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ വിനീതിനെ പിടികൂടുകയായിരുന്നു.