ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 500ലെറെപ്പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സിപിഎം

 | 
Mega Thiruvathira

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മെഗാ തിരുവാതിര. ജനാധിപത്യ മഹിള അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാറശ്ശാലയിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളി മൈതാനത്താണ് മെഗാ തിരുവാതിര നടന്നത്. 500ലെറെപ്പേര്‍ തിരുവാതിരയില്‍ പങ്കെടുത്തു. പൊതുപരിപാടികളില്‍ 150 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തിയത്.

ജില്ലാ പഞ്ചായത്ത് അംഗം സലൂജയുടെ നേതൃത്വത്തിലായിരുന്നു തിരുവാതിര. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍.രതീന്ദ്രന്‍, പുത്തന്‍കട വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. തിരുവാതിര കാണുന്നതിനായി അഞ്ഞൂറോളം പേരും എത്തിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് തിരുവാതിര പരിശീലനം നടന്നു വരികയായിരുന്നു. 14-ാം തിയതി പാറശ്ശാലയിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ആരംഭിക്കുന്നത്.