പോലീസ് കാണിച്ച ഫോട്ടോകളില്‍ മെഹബൂബും; വിഐപി ആണോയെന്ന് പറയാന്‍ കഴിയില്ലെന്ന് ബാലചന്ദ്രകുമാര്‍
താന്‍ വിഐപി അല്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ മെഹബൂബിന്റെ ഫോട്ടോയും പോലീസ് കാണിച്ചിരുന്നുവെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ വിഐപിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പോലീസ് തന്നെ കാണിച്ച മൂന്ന് ഫോട്ടോകളില്‍ ഒന്ന് മെഹബൂബിന്റേതായിരുന്നു. വിഐപി മെഹബൂബാണോ എന്ന് തനിക്ക് പറയാന്‍ സാധിക്കില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
'വി.ഐ.പി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അത് മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാന്‍ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പൊലീസിനോട് പറഞ്ഞാല്‍ മതി' എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയാണ് വിഐപിയെന്ന് ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞതായി വാര്‍ത്തകള്‍ പുറത്തു വന്നതോടെയാണ് താനല്ല വിഐപിയെന്ന് അവകാശപ്പെട്ട് മെഹബൂബ് രംഗത്തെത്തിയത്. ദിലീപിന്റെ ദേ പുട്ട് റെസ്റ്റോറന്റില്‍ ഷെയര്‍ ഉണ്ടെന്നും താന്‍ ഒരിക്കല്‍ മാത്രമാണ് ദിലീപിനെ വീട്ടിലെത്തി കണ്ടതെന്നും മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. ആ സമയത്ത് കാവ്യയും കുട്ടിയും അവിടെയുണ്ടായിരുന്നു. ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറ്. ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് ഒന്നും മോശം രീതിയില്‍ തോന്നിയിട്ടില്ല. പെന്‍ഡ്രൈവ് കൊടുക്കാനായിട്ടുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ലെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.
ദിലീപിന്റെ സഹോദരനേയോ സഹോദരി ഭര്‍ത്താവിനേയോ യാതൊരു പരിചയവുമില്ല. അന്വേഷണ സംഘം ഒന്നും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളില്‍ തന്റെ പേര് വലിച്ചിഴക്കരുതെന്നും മെഹബൂബ് ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പറയുന്ന വിഐപി താനല്ല. അത് എവിടെ വേണമെങ്കിലും പറയാമെന്നും മെഹബൂബ് പറഞ്ഞു.