മെസ്സി ഗോളടിച്ചു; സിറ്റിയെ തോൽപ്പിച്ച് പിഎസ്‌ജി, റയലിന് തോൽവി

 | 
Messi

ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിയുടെ 121ആം ഗോൾ പിറന്ന കളിയിൽ പിഎസ്‌ജിക്ക് വിജയം. മെസ്സി പിഎസ്‌ജി ജേഴ്സിയിൽ ആദ്യ ഗോൾ അടിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് അവർ തോൽപ്പിച്ചത്. പൊരുതികളിച്ച സിറ്റിക്ക് മുന്നിൽ കോട്ട കെട്ടിയ ഇറ്റാലിയൻ ഗോൾകീപ്പർ ഡൊണാറുമ്മയുടെ പ്രകടനം കളിയിൽ നിർണ്ണായകമായി.

ഇദ്രിസിയ ഗീയിലൂടെ എട്ടാം മിനിറ്റിൽ പിഎസ്‌ജി ലീഡ് നേടി. എന്നാൽ തുടരെ തുടരെ സിറ്റി ആക്രമിച്ചു. ഗോൾ എന്നുറച്ചു  സ്റ്റെർലിംഗിന്റെയും സിൽവയുടെയും ശ്രമം പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ മറ്റു അവസരങ്ങൾ ഗോൾ കീപ്പർ തടഞ്ഞു. 74ആം മിനിറ്റിൽ ആയിരുന്നു മെസ്സിയുടെ മനോഹരമായ ഗോൾ. മൈതാനത്തിന്റെ മധ്യത്തിൽ നിന്നും പന്തുമായി പാഞ്ഞ മെസ്സി എംബപ്പേക്ക് പാസ്സ് നൽകുന്നു. എംബപ്പേ തിരികെ മെസ്സിക്ക്. എഡേഴ്സനെ കബളിപ്പിച്ചു മെസ്സി അത് ഉഗ്രൻ ഷോട്ടിലൂടെ വലയിലാക്കുന്നു. സ്റ്റേഡിയം മുഴുവൻ ആവേശത്തിലാവുന്നു. 

കളിയിൽ സിറ്റി ഗോളി എഡേഴ്സൻ 13 തവണയാണ് പന്ത് തൊട്ടത്. എന്നാൽ പിഎസ്ജി ഗോളി ഡൊണാറുമ്മ 44 തവണ ഇടപെടൽ നടത്തി. സിറ്റി ഗോൾ ലക്ഷ്യമാക്കി 18 ഷോട്ട് ഉതിർത്തു, പിഎസ്‌ജി 6ഉം. പക്ഷെ ഗോൾ നേടാൻ സിറ്റിക്ക് കഴിഞ്ഞില്ല. 2018ന് ശേഷം ആദ്യമായിട്ടാണ് സിറ്റി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് മത്സരത്തിൽ തോൽക്കുന്നത്. 

മറ്റു മത്സരങ്ങളിൽ റയൽ മാഡ്രിഡിനെ മാൾഡോവൻ ക്ലബ്ബായ എഫ്‌സി ഷെരീഫ് ടിറാസ്‌പോൾ തോൽപ്പിച്ചു. അരങ്ങേറ്റക്കാരായ എഫ്‌സി ഷെരീഫ് ഒന്നിനെതിരെ രണ്ടു  ഗോളിനാണ് ജയിച്ചത്. ബെൻസെമ പെനാൽറ്റി ഗോൾ നേടിയെങ്കിലും റയലിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

എഫ്‌സി പോർട്ടോയെ ഗോളമഴയിൽ മുക്കി ലിവർപൂൾ ഗ്രൂപ്പിലെ രണ്ടാം ജയം നേടി. മുഹമ്മദ് സല, ഫിർമിനോ എന്നിവർ ഇരട്ട ഗോൾ നേടിയ കളിയിൽ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ലിവർപൂൾ ജയിച്ചത്. സാദിയോ മാനെ ഒരു ഗോൾ നേടി. പോർട്ടോയുടെ ഗോൾ നേടിയത് മെഹ്ദി തരേമിയാണ്. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളിന് അത്‌ലറ്റികോ മാഡ്രിഡ് തോൽപ്പിച്ചു.

ഡോർട്ട്മുണ്ട് സ്പോർട്ടിങ് സിപിഐയും ക്ലബ്ബ് ബോർഗ് , ആർബിഐ ലെപ്സിഗിനെയും അയാക്‌സ് ബേസിക്തസിനെയും തോൽപ്പിച്ചു. ഇന്റർ മിലാൻ ഷക്തറുമായി സമനിലയിൽ പിരിഞ്ഞു.