ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രിപുത്രന്‍ ആശിഷ് മിശ്ര ഹാജരായി

 | 
Ashis-Misra
ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പോലീസിന് മുന്നില്‍ ഹാജരായി

ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പോലീസിന് മുന്നില്‍ ഹാജരായി. വെള്ളിയാഴ്ച ഹാജരാകണമെന്ന് ഉത്തര്‍പ്രദേശ് പോലീസ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് 10.40 ഓടെ ക്രൈബ്രാഞ്ച് ഓഫീസില്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇയാള്‍ എത്തുകയായിരുന്നു. നാല് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിട്ടും ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

കലാപമുണ്ടാക്കല്‍, കൊലപാതകം തുടങ്ങി എട്ടു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി യുപി പോലീസ് ഇയാള്‍ക്ക് രണ്ടാമതും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കൊലക്കേസ് പ്രതിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയാണോ ചെയ്യുന്നതെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. സംഭവത്തില്‍ അജയ് മിശ്രയെ പുറത്താക്കണമെന്ന് ബിജെപിക്കുള്ളിലും സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശിഷ് മിശ്ര ഹാജരായിരിക്കുന്നതെന്ന് കരുതുന്നു.

ലഖിംപൂരില്‍ ഒക്ടോബര്‍ മൂന്നിനാണ് എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്. മന്ത്രി അജയ് മിശ്രയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് മഹീന്ദ്ര ഥാര്‍ ഇടിച്ചു കയറ്റുകയായിരുന്നു. നാല് കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൂടി കൊല്ലപ്പെടുകയായിരുന്നു.