ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് മന്ത്രി; തമിഴ്‌നാടിന്റെ നടപടി പ്രതീക്ഷിക്കാത്തത്

 | 
Mullaperiyar


 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അര്‍ദ്ധരാത്രി തുറന്നുവിട്ടത് മുന്നറിയിപ്പ് നല്‍കാതെയെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണെന്നും ഇതിനെ ഗൗരവ പൂര്‍വം കാണുന്നുവെന്നും മന്ത്രി പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഷട്ടര്‍ ഉയര്‍ത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതായും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. ഈ വിഷയത്തില്‍ മേല്‍നോട്ട സമിതി ചേരണമെന്ന് ആവശ്യപ്പെടും. സുപ്രീം കോടതിയിലും ഇക്കാര്യം അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് അനുവദനീയമായ 142 അടിയില്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രി ഷട്ടറുകള്‍ തുറന്നതു മൂലം നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. 10 ഷട്ടറുകളാണ് തുറന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഷട്ടറുകള്‍ അടച്ചെങ്കിലും പിന്നീട് മൂന്നു ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.