മിസ് കേരള ജേതാക്കളുടെ മരണം; ഹോട്ടല്‍ ഉടമയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു, സിസിടിവി ദൃശ്യങ്ങള്‍ കൈമാറി

 | 
Roy J Vayalattu

മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് ജെ.വയലാട്ടിനെയാണ് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ സൗത്ത് എസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ ഇയാള്‍ പോലീസിന് കൈമാറി. ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.

നേരത്തേ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ ഡിവിആര്‍ ലഭിച്ചിരുന്നില്ല. ഡിവിആറുമായി ഇന്ന് ഹാജരാകാനായിരുന്നു റോയിക്ക് പോലീസ് നല്‍കിയ യ നിര്‍ദേശം. മറ്റൊരു ഡിവിആര്‍ കൂടിയുണ്ടെന്നും ഇതും ഹാജരാക്കാന്‍ റോയിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്ക് ശേഷം രാത്രി 12 മണിക്ക് മടങ്ങിയ മോഡലുകള്‍ സഞ്ചരിച്ച കാര്‍ ചക്കരപ്പറമ്പില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു.

അപകടത്തില്‍ പെട്ട കാറിനെ ഒരു ഓഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലില്‍ നിന്നാണ് കാര്‍ ഇവരെ പിന്തുടര്‍ന്നത്. കാറിന്റെ ഡ്രൈവര്‍ സൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. അപകടത്തിന് ശേഷം ഇയാള്‍ റോയിയെയും ഹോട്ടലിലെ ചില ജീവനക്കാരെയും വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.