മൊബൈല്‍ ഉപയോഗത്തിന് ചെലവേറും; എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ ഉയര്‍ത്തി വോഡഫോണ്‍-ഐഡിയയും
രാജ്യത്തെ പ്രീപെയ്ഡ് മൊബൈല്‍ ഉപയോഗം ചെലവേറിയതാകുന്നു. എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്കുകള്‍ ഉയര്‍ത്തിയതിന് പിന്നാലെ വോഡഫോണ്‍-ഐഡിയയും തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചു. രാജ്യത്ത രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ വിഐ 25 ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 25 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
നിലവിലുള്ള 79 രൂപയുടെ പ്ലാന്‍ ഇതനുസരിച്ച് 99 രൂപയായി മാറും. 149 രൂപയുടെ പ്ലാന്‍ 179 ആയും 1498 രൂപയുടെ പ്ലാന്‍ 1799 രൂപയായും 2399 രൂപയുടെ പ്ലാന്‍ 2899 രൂപയായും ഉയരും. 48 രൂപയുടെ ഡാറ്റ ടോപ് അപ് 58 രൂപയാകും. 98 രൂപയുടേത് 118 രൂപയായും 251 രൂപയുടേത് 298 രൂപയായും 351 രൂപയുടെ പ്ലാന്‍ 418 രൂപയായും ഉയരുമെന്നും വിഐ അറിയിച്ചു.
ഭാരതി എയര്‍ടെലും 25 ശതമാനം നിരക്ക് വര്‍ദ്ധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ നവംബര്‍ 26 മുതലാണ് നിലവില്‍ വരുന്നത്. മൊബൈല്‍ വ്യവസായ മേഖലയിലെ നഷ്ടം കുറയ്ക്കാന്‍ ആളോഹരി വരുമാനം ഉയര്‍ത്താനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ജിയോ നിരക്കുകളും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.