മോദി അമേരിക്കയിൽ; കമലാ ഹാരിസുമായും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായും ചർച്ച നടത്തും.

വെള്ളിയാഴ്ചയാണ് മോദി-ബൈഡന്‍ കൂടിക്കാഴ്ച
 | 
pm at usa

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനം ഇറങ്ങിയ മോദിയെ  അമേരിക്കൻ ഇന്ത്യക്കാരുടെ വലിയസംഘം സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. 


അമേരിക്കന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അടക്കമുള്ളവരും ചേര്‍ന്നാണ് മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. വാഷിങ്ടണിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ ഊഷ്മള സ്വീകരണത്തിന് നന്ദിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.