സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിലും മോദിയുടെ ചിത്രം; നീക്കം ചെയ്ത് കോടതി

 | 
Modi Court
ഔദ്യോഗിക ഇമെയിലില്‍ ഫുട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും മുദ്രാവാക്യവും നീക്കം ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഔദ്യോഗിക ഇമെയിലില്‍ ഫുട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും മുദ്രാവാക്യവും നീക്കം ചെയ്ത് സുപ്രീം കോടതി. സബ്കാ സാഥ് സബ്കാ വികാസ് എന്ന സര്‍ക്കാര്‍ പരസ്യവാചകവും മോദിയുടെ ചിത്രവുമാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലില്‍ ഉണ്ടായിരുന്നത്. മെയില്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് ഇത് നീക്കം ചെയ്യാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. പകരം സുപ്രീം കോടതിയുടെ ചിത്രം വെക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മോദിയുടെ ചിത്രം ഇമെയിലില്‍ നല്‍കിയത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയില്‍ കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധ മൂലമാണ് ഇത് സംഭവിച്ചതെന്നും അത് അനാവശ്യ വിവാദത്തിലേക്ക് എത്തുകയായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

വെള്ളിയാാഴ്ച രാത്രിയാണ് സുപ്രീം കോടതി രജിസ്ട്രിയുടെ ശ്രദ്ധയില്‍ ഇത് എത്തിയത്. ജുഡീഷ്യറിയുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് മെയിലില്‍ ഉണ്ടായിരുന്നതെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചിത്രം നീക്കം ചെയ്തത്. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിച്ചത് വിവാദമായിരുന്നു.