മോഹന്‍ലാല്‍ വീണ്ടും അമ്മ പ്രസിഡന്റ് സ്ഥാനത്ത്; ഇടവേള ബാബു ജനറല്‍ സെക്രട്ടറി

 | 
Mohanlal

താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ വീണ്ടും. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ആശ ശരത്, ശ്വേത മേനോന്‍ തുടങ്ങിയവരാണ് വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി.

സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 21-ാമത്തെ വര്‍ഷമാണ് ഇടവേള ബാബു തുടരുന്നത്. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യ തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ ഭരണസമിതി തെരഞ്ഞടുപ്പിലേക്ക് ഷമ്മി തിലകന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. പിന്നാലെ പ്രതിഷേധവുമായി ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു.

തന്റെ നാമനിര്‍ദേശ പത്രിക മനഃപൂര്‍വ്വം തള്ളിയതാണെന്ന ആരോപണമാണ് ഷമ്മി തിലകന്‍ ഉന്നയിച്ചത്. താന്‍ മത്സരിക്കരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പ്രസിഡന്റെന്ന നിലയില്‍ മോഹന്‍ലാലില്‍ വിശ്വാസം ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ പറ്റുന്നില്ലെന്നും ഷമ്മി പറഞ്ഞിരുന്നു.