ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നില്‍ മോഹന്‍ലാലിന്റെ കാര്‍; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ദേവസ്വം

 | 
Mohanlal and Ravi Pillai
വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ദിവസം മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നില്‍ എത്തിയ സംഭവത്തില്‍ നടപടിയുമായി ദേവസ്വം അഡ്മിനിസിട്രേറ്റര്‍

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ദിവസം മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നില്‍ എത്തിയ സംഭവത്തില്‍ നടപടിയുമായി ദേവസ്വം അഡ്മിനിസിട്രേറ്റര്‍. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 

മോഹന്‍ലാലിന്റെ കാറിന് മാത്രം ഗേറ്റ് തുറന്നു നല്‍കിയതിനാണ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ദേവസ്വം ഭരണസമിതി അംഗങ്ങള്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നും ജീവനക്കാര്‍ വ്യക്തമാക്കി. രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഹൈക്കോടതി നിര്‍ദേശങ്ങള്‍ അടക്കം ലംഘിക്കപ്പെട്ടിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഗിക്കപ്പെടാതിരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രദ്ധിക്കണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. 

വിവാഹത്തിന് വേണ്ടി നടപ്പന്തല്‍ അലങ്കരിക്കുകയും കട്ടൗട്ടുകള്‍ സ്ഥാപിക്കുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായതോടെ കോടതി സ്വമേധയാ എടുത്ത കേസിലാണ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. വിഷയത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

വിവാഹത്തിന് വധൂവരന്‍മാര്‍ ഒഴികെ 12 പേര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ രവി പിള്ളയുടെ മകന്റെ വിവാഹത്തിന് അതിലുമേറെ ആളുകള്‍ പങ്കെടുത്തിരുന്നു. കിഴക്കേനടയില്‍ നിന്ന് മോഹന്‍ലാലിനൊപ്പം രവി പിള്ളയുടെ കുടുംബം ഫോട്ടോഷൂട്ട് നടത്തിയതിനെതിരെ വിശ്വാസികള്‍ രംഗത്തെത്തുകയും ചെയ്തു. രവി പിള്ളയുടെ വാഹനങ്ങളും നടപ്പന്തലിന് മുന്നില്‍ എത്തിയിരുന്നു.