വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; മോന്‍സണ്‍ പോക്‌സോ കേസിലും പ്രതി
പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്‌സോ കേസ്. വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് കേസ്. പെണ്‍കുട്ടിയുടെ മാതാവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. പിന്നീട് മോന്‍സന്റെ കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കേസ് കൈമാറി.
ഇപ്പോള്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം. തുടര്‍ വിദ്യാഭ്യാസത്തിന് സഹായം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കലൂരിലെ ഇയാളുടെ വീട്ടില്‍ വെച്ചും മറ്റൊരിടത്തു വെച്ചും പീഡിപ്പിച്ചു എന്നാണ് പരാതി. മോന്‍സണെ ഭയന്നാണ് ഇത്രയും കാലം ഇക്കാര്യം മറച്ചുവെച്ചതെന്ന് മാതാവ് പറഞ്ഞു. പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതിന് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
കേസില്‍ മോന്‍സന്റെ ചില സുഹൃത്തുക്കളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. ലൈംഗിക പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ മോന്‍സണ്‍ ഇടപെട്ടുവെന്ന് മറ്റൊരു യുവതി നേരത്തേ പരാതി നല്‍കിയിരുന്നു.