ഓർമകളിൽ മായാതെ മോനിഷ

 | 
monisha


മലയാളത്തെ വിസ്മയിപ്പിച്ച നടി മോനിഷയുടെ ഓർമ്മകൾക്ക് ഇന്ന് 31 വയസ്സ്. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്. മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നാണ്  മോനിഷയെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റിയ എംടി വിശേഷിപ്പിച്ചത്.

നൃത്തം, പാട്ട്, അഭിനയം തുടങ്ങി എല്ലാ മേഖലയിലും കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു മോനിഷ. കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാലോകത്ത് അത്ഭുതകരമായ നേട്ടങ്ങളാണ് മോനിഷ സ്വന്തമാക്കിയത്. ആദ്യ സിനിമയ്ക്ക് തന്നെ ഉർവ്വശി പട്ടം സ്വന്തമാക്കിയ നടി ദേശീയ പുരസ്‌കാരവും നേടിയിരുന്നു. പതിനാലാം വയസിൽ സിനിമയിലെത്തിയ മോനിഷ ഏഴ് വർഷത്തിനിടെ 27 ഓളം സിനിമകളിലാണ് അഭിനയിച്ചത്. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി.

1971ൽ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്. അച്ഛന് ബംഗളുരുവിൽ തുകൽ ബിസിനസ് ആയിരുന്നതിനാൽ മോനിഷയുടെ ബാല്യം ബംഗുളൂരുവിലായിരുന്നു. അമ്മ ശ്രീദേവി നർത്തകിയും. മോനിഷ പഠിച്ചതെല്ലാം ബംഗുളൂരുവിലായിരുന്നു. കുട്ടിക്കാലം തൊട്ടു നൃത്തം പഠിച്ചിരുന്ന മോനിഷ ഒൻപതാമത്തെ വയസ്സിൽ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി. 1985ൽ കർണാടക ഗവൺമെന്റ് ഭരതനാട്യ നർത്തകർക്കായി നൽകുന്ന 'കൌശിക അവാർഡ്' മോനിഷയ്ക്കു ലഭിച്ചു.

 എംടി വാസുദേവൻ നായരിലൂടെയാണ് സിനിമയിലെത്തുന്നത്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് 15-ാം വയസിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷ നേടി. പെരുന്തച്ചൻ, കടവ്, കമലദളം, ചമ്പക്കുളം തച്ചൻ, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ പ്രകടനമാണ് മോനിഷ കാഴ്ചവെച്ചത്. മലയാളത്തിന് പുറമെ, ‘പൂക്കൾ വിടും ഇതൾ’ , ‘ദ്രാവിഡൻ’ തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ‘ചിരംജീവി സുധാകർ’ എന്ന കന്നട സിനിമയിലും അഭിനയിച്ചു.

1992 ഡിസംബർ അഞ്ചിനു 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിൽ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാർ ആലപ്പുഴയ്‍ക്കടുത്തുള്ള ചേർത്തലയിൽ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മലയാളി ഹൃദയങ്ങളിൽ കൂർത്ത നഖക്ഷതങ്ങളേൽപ്പിച്ച് മരണം മോനിഷയെ തട്ടിയെടുത്തത്.