മോന്‍സണ്‍ മാവുങ്കല്‍ കേസ്; ബെഹ്‌റയുടെ മൊഴിയെടുത്തു, ഐജി ലക്ഷ്മണിനെയും ചോദ്യം ചെയ്തു

 | 
Behra

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ബെഹ്‌റയുടെ മൊഴിയെടുത്തത്. മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തിയതും മോന്‍സന്റെ ചേര്‍ത്തലയിലെയും കലൂരിലെയും വീടുകളില്‍ ബീറ്റ് ബോക്‌സ് സ്ഥാപിച്ചതും സംബന്ധിച്ചാണ് ബെഹ്‌റയില്‍ നിന്ന് വിശദീകരണം തേടിയത്.

മോന്‍സണ് ഏതു സാഹചര്യത്തിലാണ് സംരക്ഷണം ലഭിച്ചതെന്ന വിഷയത്തില്‍ വിശദീകരണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. ബെഹ്‌റയുടെ സന്ദര്‍ശനത്തിന് ശേഷമാണ് പോലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്താണ് ബെഹ്‌റയുടെ മൊഴിയെടുത്തത്.

മോന്‍സണുമായി അടുത്ത ബന്ധമുള്ള ട്രാഫിക് ഐജി ജി.ലക്ഷ്മണിന്റെയും മൊഴിയെടുത്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്പിയാണ് ലക്ഷ്മണിനെ ചോദ്യം ചെയ്തത്. ലക്ഷ്മണും മോന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു. മോന്‍സന്റെ മകളുടെ വിവാഹനിശ്ചയത്തിലും ലക്ഷ്മണ്‍ പങ്കെടുത്തിരുന്നു.