മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

 | 
bh

മുൻ കാമുകിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച മലയാളി ബൈക്ക് റേസർ തമിഴ്നാട്ടിൽ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശി ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരിൽ അറസ്റ്റിലായത്. ദേശീയ തലത്തിലെ മോട്ടോർ സൈക്കിൾ റേസിംഗ് ചാംപ്യൻഷിപ്പുകളിൽ സ്ഥിര സാന്നിധ്യമാണ് ആൽഡ്രിൻ ബാബു. കോയമ്പത്തൂർ സെൻട്രൽ ജയിലിലുള്ള ആൽ‍ഡ്രൻറെ ജാമ്യാപേക്ഷ കോടതി തള്ളി.

ആൽഡ്രിൻ ബാബുവും കോയമ്പത്തൂർ സ്വദേശിയായ യുവതിയു തമ്മിൽ ദീർഘനാൾ പ്രണയത്തിലായിരുന്നു. എന്നാൽ 2 വർഷം മുൻപ് ഇരുവരും വേർപിരിഞ്ഞു. ബന്ധം തുടരണമെന്ന് പല തവണ ആൽഡ്രിൻ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഇതിലുള്ള പകയിൽ തൻറെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ആൽഡ്രിൻ പ്രചരിപ്പിക്കുകയായിരുന്നു.

തൻറെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ  അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതായി കാണിച്ച് യുവതി കഴിഞ്ഞ മാസം കോയമ്പത്തൂർ സൈബർ ക്രൈം പൊലീസിനെ സമീപിച്ചിരുന്നു. ഐപി അഡ്രസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൽഡ്രിൻറെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങൾ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും മൊബൈൽ ഫോണും ലാപ്ടോപും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. കോയമ്പത്തൂർ സെൻട്രൽ ജയിലിലുള്ള ആൽ‍ഡ്രൻറെ ജാമ്യാപേക്ഷ കോടതി തള്ളി.