മതംമാറ്റം കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യാനികള്‍, വൈദികപട്ടം എന്തും പറയാനുള്ള ലൈസന്‍സ് അല്ല; വെള്ളാപ്പള്ളി നടേശന്‍

ഫാ.റോയി കണ്ണന്‍ചിറയുടെ പ്രസ്താവനയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍. ലൗജിഹാദും മതംമാറ്റവും കൂടുതല്‍ നടത്തുന്നത് ക്രിസ്ത്യാനികളാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീങ്ങള്‍ ഒരെണ്ണം നടത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ ഡസന്‍ കണക്കിനാണ് നടത്തുന്നത്. എന്നാല്‍ എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്നുപറയുമ്പോള്‍ വര്‍ഗ്ഗീയവാദിയാക്കുകയാണ്. ഇസ്രായേലില്‍ മരിച്ച സൗമ്യ ഈഴവ സമുദായത്തില്‍ പെട്ടയാളായിരുന്നു. എന്നാല്‍ സംസ്‌കാരം നടത്തിയത് പള്ളിയില്‍ വെച്ചാണ്. ദീപികയുടെ തലപ്പത്തിരുന്ന് ഫാ.റോയി കണ്ണന്‍ചിറ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സീനിയറായ വൈദികന്റെ ഭാഗത്ത് നിന്നുമാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായത്. വൈദികപട്ടം കിട്ടുന്നത് ആരെക്കുറിച്ചും എന്തും പറയാനുള്ള ലൈസന്‍സ് അല്ല. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന ശരിയല്ലെന്നും മയക്കുമരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല നാട്ടിലെ സ്‌കൂള്‍ കോളേജ് പരിസരങ്ങളില്‍ എല്ലാം മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ടെന്നായിരുന്നു ഫാ.റോയി കണ്ണന്‍ചിറ പറഞ്ഞത്. ദീപിക ബാലജനസഖ്യം ഡയറക്ടറാണ് ഫാ.റോയി കണ്ണന്‍ചിറ സിഎംഐ. 18-ാം തിയതി ചങ്ങനാശേരി അതിരൂപതയിലെ സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വൈദികന്‍ വിവാദ പരാമര്‍ശം നടത്തിയത്. കോട്ടയത്തെ ഒരു സീറോ മലബാര്‍ ഇടവകയില്‍ നിന്ന് 9 പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ ഈഴവര്‍ തട്ടിക്കൊണ്ടുപോയെന്നും ശത്രുക്കളുടെ മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ലെന്നും വൈദികന്‍ പറഞ്ഞിരുന്നു.
'കോട്ടയത്തിന് അടുത്തുള്ള സീറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. സ്ട്രാറ്റജിക് ആയി അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ട് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മള്‍ ജാഗ്രതയില്ലാത്തവരാണ്. അതാണ് നമ്മള്‍ നേരിടുന്ന വലിയ ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോകുവാന്‍ ശത്രുക്കള്‍ പ്രണയം നടിച്ചാണെങ്കിലും അല്ലെങ്കിലും സഭയുടെ എതിര്‍പക്ഷത്തു നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും മാതാപിതാക്കളോട് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് കത്തോലിക്കാ സമുദായ രൂപീകരണത്തിന്റെ ഭദ്രത ഉറപ്പുവരുത്താനും ഇതിനു വേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക്, സമര്‍പ്പിതര്‍ക്ക്, വൈദികര്‍ക്ക് കഴിയുന്നില്ല എന്നുള്ളത് വര്‍ത്തമാന കാല കത്തോലിക്കാ സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ് എന്നായിരുന്നു ഫാ.കണ്ണന്‍ചിറയുടെ വാക്കുകള്‍.
പരാമര്‍ശം വിവാദമായതോടെ ഞായറാഴ്ച വൈകിട്ട് ക്ഷമാപണവുമായി വൈദികന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിവും വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഫാ.റോയി പറഞ്ഞു. നാദിര്‍ഷയുടെ ചിത്രത്തിന് ഈശോ എന്ന് പേര് നല്‍കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയ വൈദികനാണ് ഫാ.റോയി കണ്ണന്‍ചിറ. കുട്ടികളുടെ ദീപിക ചീഫ് എഡിറ്റര്‍, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ തുടങ്ങിയ ചുമതലകളും ഇദ്ദേഹം വഹിക്കുന്നുണ്ട്.