റിപ്പോർട്ടർ മാനേജ്മെൻറിനെതിരെ എം പി ബഷീർ

 | 
mp basheer


റിപ്പോർട്ടർ മാനേജ്മെൻറിനെതിരെ മാധ്യമപ്രവർത്തകൻ എം പി ബഷീർ. റിപ്പോർട്ടറിൽ എഡിറ്റർ ഇൻ ചാർജ് ആയിരിക്കെ അഗസ്റ്റിൻ സഹോദരൻമാരുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിനെ കുറിച്ച് വിശദീകരിക്കുകയാണ് എം പി ബഷീർ. വാർത്തകളെ എങ്ങനെ വിൽക്കാം എന്നായിരുന്നു അഗസ്റ്റിൻ സഹോദരങ്ങളുടെ ചിന്ത എന്ന് എം പി ബഷീർ ആരോപിക്കുന്നു. പ്രാഞ്ചിമാരെ സുഖിപ്പിക്കാനും പണക്കാരെ ബ്ലാക്ക് മെയിൽ ചെയ്യാനും മാത്രമേ അവർക്ക് അറിയുമായിരുന്നുള്ളൂ. റിപ്പോർട്ടറിൽ ഒന്നുമല്ലാത്ത സമയത്ത് കൂടി അവർ തങ്ങൾക്ക് അനുകൂലമായ വാർത്തകൾ ഉണ്ടാക്കാൻ റിപ്പോർട്ടർമാർക്ക് നിർദേശം നൽകി. ഇതിനെ ചോദ്യം ചെയ്തത് മുതലാണ് താൻ അവരുടെ കണ്ണിലെ കരടായതെന്നും ബഷീർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം 

റിപ്പോർട്ടർ ചാനലിൻറെ പുതിയ ഉടമകളായ മാങ്ങാ മുതാളിമാരെക്കുറിച്ചു  എനിക്കറിയാവുന്നത് പറയാമെന്ന്  കഴിഞ്ഞ പോസ്റ്റിൽ എഴുതിയിരുന്നു.  "ന്യുസ്‌റൂമിലെ പടുമരങ്ങളും ഒരു എഡിറ്ററുടെ മരണവും" എന്നോ മറ്റോ തലക്കെട്ടിട്ട്‌ ഒരു ലേഖനമായി ചമച്ച്   ആർക്കെങ്കിലും അയച്ചുകൊടുത്ത് പണം പറ്റിയാലോ എന്നാലോചിച്ചതാണ്. അപ്പോഴാണ് കെ. സുനിൽ കുമാറിനെ പോലുള്ള ചിലർ "നീ പറഞ്ഞിട്ട് പോയാമതി"  എന്നും പറഞ്ഞു ഏനക്കേടുണ്ടാക്കിയത്. അതുകൊണ്ടു അതിവിടെത്തന്നെ പറയാം. 

എനിക്ക് എം.വി. നികേഷ് കുമാറിനോട് വലിയ വിയോജിപ്പുകളുണ്ട്.  താൻ ചെയ്യുന്നതെല്ലാം യുഗപരിവർത്തനത്തിന്റെ മുന്നൊരുക്കങ്ങളാണെന്നു ഉറച്ചു വിശ്വസിക്കുകയും, തനിക്കു ചുറ്റുമുള്ളവർക്കെല്ലാം ആ ഉദ്യമങ്ങളെ പിന്തുണയ്ക്കാൻ ധാർമികമായ ബാധ്യതയുണ്ടെന്നു ആത്മാർത്ഥമായി കരുതുകയും  ചെയ്യുന്ന ഒരാളാണ് നികേഷ്.  സാമൂഹിക  പ്രശ്നങ്ങളോടുള്ള സമീപനങ്ങളിലെ ആഴമില്ലായ്മ, വായനാദാരിദ്ര്യം, വൊക്കാബുലറിക്കമ്മി അങ്ങനെ പല കുറ്റങ്ങളും കുറവുകളും  അദ്ദേഹത്തെ കുറിച്ച്  തോന്നാറുണ്ട്. ഏറിയകൂറും വലതുപക്ഷ / അരാഷ്ട്രീയ മനോനിലകളിൽ അഭിരമിക്കുമ്പോഴും ഇടതുപക്ഷ മേലാടകൾ എളുപ്പം എടുത്തണിയാനും ഒരു വലിയ ജനസഞ്ചയത്തിൽ നിന്ന് അഭംഗുരം കയ്യടി നേടാനുമുള്ള നികേഷിന്റെ ശേഷിയെ ചിലപ്പോൾ കാപട്യമെന്നു സംശയിക്കുകയും മറ്റുചിലപ്പോൾ ആൻസെസ്ട്രൽ പ്രിവിലേജ് എന്ന് കളിയാക്കുകയും ചെയ്യാറുണ്ട്. എങ്കിലും നികേഷിനെ എനിക്ക് വ്യക്തിഗതമായും പ്രൊഫഷണലായും  ഇഷ്ടമാണ്. ഏതെങ്കിലും ചില കള്ളികളിൽ ഒതുങ്ങിനിൽക്കാതെ, വാർത്തകളോടുള്ള അദ്ദേഹത്തിന്റെ തുറന്ന മനസ്സും പകലന്തിയോളം പണിയെടുക്കാനും അത് മാസങ്ങളോളം, കൊല്ലങ്ങളോളം മടുപ്പില്ലാതെ തുടരാനുമുള്ള നിശ്ചയദാർഢ്യവും എന്നെ മാത്രമല്ല, ഞങ്ങളുടെ തൊഴിലിടത്തിൽ പലരെയും സ്വാധീനിച്ചിട്ടുണ്ട്. സ്റ്റോറി പിച്ചുകളോടുള്ള പ്രതികരണത്തിലെ ചടുലത എന്നെ കൊതിപ്പിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരാൽ നിയന്ത്രിതമായ ഒരു സ്ഥാപനം കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ എല്ലാ കാലത്തും പിന്തുണച്ചിട്ടുണ്ട്.  എനിക്ക് അദ്ദേഹത്തോട് ഒരിക്കലും പൊറുക്കാനാവാത്ത പരാതിയുള്ളത്, പക്ഷെ, മറ്റൊരു കാര്യത്തിലാണ്. അദ്ദേഹമാണ്, പോർച്ചുഗീസ് വേരുകളുള്ള നല്ല മുന്തിയ ഇനം അൽഫോൻസോ എന്ന വിവരണത്തോടെ,   മൂന്നു കെട്ട വയനാടൻ കോമാങ്ങകളെ  എനിക്ക് ചൂണ്ടിക്കാട്ടി തന്നത്.

നികേഷിനോടുള്ള അടുപ്പവും അഭിപ്രായ വ്യതാസങ്ങളുമെല്ലാം നിലനിൽക്കെ തന്നെയാണ്,  2020 സെപ്റ്റംബർ മാസത്തിൽ  ഞാൻ റിപ്പോർട്ടർ ചാനലിന്റെ എഡിറ്ററായതു. എഡിറ്റർ ഇൻ ചീഫ് എന്ന് അച്ചടിച്ച് തന്ന നിയമന ഉത്തരവ് ഞാൻതന്നെ തിരുത്തി എഡിറ്റർ ഇൻ ചാർജ് ആക്കുകയായിരുന്നു. അഴീക്കോട് ഇലെക്ഷനിൽ തോറ്റ്, ആ "ചോരത്തിളപ്പ്" പരിപാടി പാതിവഴിയിൽ നിർത്തി, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, ചാനൽ അവസാന ശ്വാസം വലിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ആ വിളി. 45  പേരുടെ ഒരു പുതിയ ട്രെയിനീ ബാച്ചിനെ എടുത്തിട്ടുണ്ട്, അവരോടു സംസാരിക്കണമെന്നായിരുന്നു ആവശ്യം. ഞാൻ കളമശ്ശേരിയിൽ ചെന്നു. ജേർണലിസം പഠിച്ചവരും പഠിക്കാത്തവരും, ഡിഗ്രി ജയിച്ചവരും തോറ്റവരും എല്ലാം അടങ്ങുന്ന പത്തുനാൽപതു പേർ.  രണ്ടു ദിവസത്തെ ക്ലാസ്സൊക്കെ  കഴിഞ്ഞു തിരുച്ചു പോരാൻ ഒരുങ്ങുമ്പോഴാണ്, ഈ ഡെസ്ക് ഒന്നു  നോക്കിനടത്താൻ ഇവിടെ നിൽക്കാമോ എന്ന് നികേഷ് ചോദിച്ചത്. അങ്ങനെയാണ് ഏഴുമാസം അവിടെ പെട്ടത്. അക്കാലത്തു ചാനലിന്റെ ഒന്നാം നിലയും മൂന്നാം നിലയും നോക്കിനടത്തുന്നവരായിരുന്നു ഈ അഗസ്റ്റിൻ സഹോദരന്മാർ: ആന്റോ, ജോസുകുട്ടി, റോജി അഗസ്റിൻമാർ. ഒന്നാം നിലയിൽ എച് ആറും അഡ്മിനും അക്കൗണ്ട്സും, മൂന്നാം നിലയിൽ മംഗോ ഫോൺ കമ്പനിയുടെ ഉപേക്ഷിക്കപ്പെട്ട എന്തൊക്കെയോ സാമഗ്രികൾ. ഇവരാണ് നമ്മുടെ ഇനിയുള്ള രക്ഷകർ എന്ന മട്ടിലാണ് നികേഷ് പരിചയപ്പെടുത്തിയത്. താമസ സ്ഥലമൊരുക്കാനും മറ്റും അമ്പതിനായിരം രൂപ ഞാൻ  അഡ്വാൻസ് ചോദിച്ചിരുന്നു. ചോദിച്ചത് നികേഷിനോടാണെങ്കിലും പണം ക്രെഡിറ്റായതു ആന്റോയുടെയുടെ അക്കൗണ്ടിൽ നിന്നാണ്. രക്ഷകർ തന്നെ!

മീറ്റിംഗുകളിലേക്ക് കടന്നപ്പോഴാണ് ആളുകളെ ശരിക്കുമങ്ങു  മനസിലായിത്തുടങ്ങിയത്. അവരുടെ ചിന്ത മുഴുവൻ വാർത്തകളെ എങ്ങനെ പുറത്തു വിൽക്കാം എന്നായിരുന്നു. പ്രാഞ്ചിയേട്ടന്മാരെ സുഖിപ്പിക്കുക, അല്ലാത്ത പണക്കാരെ ബ്ലാക്‌മെയ്ൽ ചെയ്യുക - ഇത് മാത്രമേ അവർക്കു അറിയുമായിരുന്നുള്ളൂ.  അതിനു വേണ്ടി വാർത്താസംഘത്തിനു  മുഴുവൻ അവർ നിർദേശങ്ങൾ  നൽകാൻ നൽകിത്തുടങ്ങി. ആപ്പിൾ ഫോണിനെ വെല്ലുവിളിച്ച്  അവർ തുടങ്ങിയ മംഗോ ഫോൺ  ലോഞ്ചുചെയ്ത  ദിവസം തന്നെ മൂവരും ജയിലിൽ പോയ കഥയിലെ 'പോലീസ് അനീതി' ഒരു പ്രതിരോധവുമില്ലാതെ കേട്ടിരിക്കേണ്ടിവന്നു.  

രക്ഷകരുമായുള്ള എന്റെ സൗഹൃദം, പക്ഷെ,  പെട്ടന്ന് തകർന്നു തുടങ്ങി. കൃത്യമായി പറഞ്ഞാൽ അഞ്ചാം  ദിവസം. കോവിഡ് നിയന്ത്രണങ്ങൾ ശക്തമായി നിലനിന്ന കാലമായിരുന്നു അത്. കോതമംഗലത്തു റോയ് കുര്യൻ എന്നൊരു പാറമട മുതലാളി കോവിഡ് നിയമങ്ങൾ ലംഘിച്ചു, റോൾസ് റോയ്‌സ് വാഹനങ്ങളുടെ ഒരു പരേഡ് നടത്തിയതിനു പോലീസ് കേസെടുത്തു.  ഏതാനും മാസം മുമ്പ് ഇതേയാൾ തന്റെ ഗ്രാനൈറ്റ് ക്വാറിയുടെ ഉത്‌ഘാടനത്തിന് കോവിഡ് നിയമങ്ങൾ ലംഘിച്ചു മഴനൃത്തം നടത്തിയതും കേസായിരുന്നു. കോതമംഗലം സ്റ്റേഷനിൽ നിരനിരയായി നിർത്തിയിട്ട റോൾസ് റോയ്‌സ് വാഹനങ്ങളെക്കുറിച്ചും ഒരു പണച്ചാക്കിന്റെ തുടർച്ചയായ കോവിഡ് നിയമലംഘനങ്ങളെ കുറിച്ചും  സ്റ്റോറി ചെയ്യാനാണ് ഒരു റിപ്പോർട്ടറും ക്യാമറാമാനും  പുറപ്പെട്ടു പോയത്. പക്ഷെ, തിരിച്ചുവന്നപ്പോൾ അത് റോയ് കുര്യന്റെ അപദാനങ്ങളായി മാറ്റിക്കൊടുക്കണമെന്നു പുതിയ രക്ഷകന്മാർ വാശിപിടിച്ചു. ജോലി തുടങ്ങിയ ആഴ്ചയിൽ തന്നെ  ഒരു സംഘർഷം ഉണ്ടാകുന്നതു ഒഴിവാക്കാനായി ഞാൻതന്നെ  മുൻകൈയെടുത്തു. 33 മിനിട്ടുള്ള റോയ് കുര്യന്റെ പ്രാഞ്ചി അഭിമുഖം ആറ്‌   മിനിറ്റായി ചുരുക്കി എഡിറ്റു ചയ്യിച്ചു ഒരുവിധം മനുഷ്യരെ   കാണിക്കാവുന്ന വിധത്തിലാക്കി യൂട്യൂബിൽ കൊടുക്കാനേല്പിച്ചു ഞാൻ പോന്നു.  രാത്രിയായപ്പോൾ പ്രസ്തുത  റിപ്പോർട്ടർ ഓടിക്കിതച്ചു വീട്ടിൽ വന്ന്  "അവർ ആ മുഴുവൻ അഭിമുഖവും കൊടുക്കാൻ പറഞ്ഞു, കൊടുത്തു" എന്ന് പറഞ്ഞു.  നീയുംകൂടി ചേർന്നാണോ കച്ചോടം എന്ന് കളിയാക്കി ഞാൻ റിപ്പോർട്ടറെ തിരിച്ചയച്ചു.  

അഡ്വാൻസ് വാങ്ങിയ പണം ഞാൻ എടുത്തുപോയിരുന്നു. അര ലക്ഷം രൂപയുടെ ഒരു ചെക്കെഴുതി പോക്കറ്റിലിട്ടാണ് പിറ്റേന്ന് ഓഫീസിൽ പോയത്. ഇത്തരം അല്പന്മാരോട് ഏറ്റുമുട്ടി കളയാൻ ഇനി ആയുസ്സ് അധികമില്ല എന്ന് നികേഷിനോട് പറഞ്ഞു. പതിവുപോലെ, അദ്ദേഹം നെറ്റിയിൽ കൈവച്ചു  കുനിഞ്ഞിരുന്നു. "ഈ ആസന്ന വിപ്ലവം അട്ടിമറിക്കരുതേ, ബഷീറേ" എന്നാണ് അതിന്റെ അർത്ഥമെന്ന് എനിക്ക് വർഷങ്ങളിലൂടെയുള്ള പരിചയംകൊണ്ട്  അറിയാം. ഞാൻ പിൻവാങ്ങി. 

അധികം വൈകാതെ അടുത്ത സംഘർഷം രൂപംകൊണ്ടു. ഇത്തവണയും കഥാപാത്രം റോയ് കുര്യൻ തന്നെ. അതിനകം അയാൾ എന്തിനോ  ആസ്റ്റർ മെഡിസിറ്റിയിൽ അഡ്മിറ്റായിരുന്നു. എട്ടു വര്ഷം മുമ്പ്, 2012 -ൽ, അയാൾക്ക് ഏതോ ബന്ധുവീട്ടിൽ വച്ച് കൂട്ടയടി കിട്ടിയിരുന്നുവത്രെ. അന്നത്തെ പരിക്കുകളാണ് ഇന്നത്തെ രോഗാവസ്ഥക്ക് കാരണമെന്നും ബന്ധുക്കൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നുമാണ് അയാളുടെ പുതിയ  ആഗ്രഹം. ഈ ആവശ്യമുന്നയിച്ചു അയാൾ മുഖ്യമന്ത്രിക്ക് എഴുതിയ ഒരു കത്തുമായി രണ്ടാമത്തെ സഹോദരൻ ജോസുകുട്ടി ഒരു ദിവസം നികേഷില്ലാത്ത സമയത്തു ഡെസ്കിൽ കയറിവന്നു.  ഇത് വെബ്ബിലും ചാനലിലും വലിയ വാർത്തയായി കൊടുക്കണമെന്നു അധികാരസ്വരത്തിൽ പറഞ്ഞു. ഈ കരിയറിൽ പലവിധത്തിലുള്ള വാർത്താകുതുകികളെയും  കണ്ടിട്ടുണ്ടെങ്കിലും ഈ മാതിരി അത്യപൂർവ്വ  ഐറ്റത്തെ  ആദ്യം കാണുകയായിരുന്നു. എന്നിട്ടും ഞാൻ സമാധാനം കൈവിട്ടില്ല. ഇത് 2012 -ലെ കേസല്ലേ, പരാതിയിലെ തിയ്യതി ഇനിയും മൂന്ന് ദിവസം കഴിഞ്ഞാണല്ലോ, മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കട്ടെ നമുക്ക് വീശി കൊടുക്കാം എന്നൊക്കെ പറഞ്ഞു ഞാൻ  ആ സഹോദരനെ തിരിച്ചയച്ചു. ഒപ്പം, ഈ വാർത്ത എന്നോട് ചോദിക്കാതെ കൊടുത്തേക്കരുത് എന്ന് കാണിച്ചു ഡെസ്കിലെ ഗ്രൂപ്പിൽ ഒരു മെസ്സേജും ഇട്ടു. പിന്നെ പലവഴിക്ക് ഈ  വാർത്തയൊന്നു വരുത്താൻ ശ്രമിച്ചെങ്കിലും നടക്കാതെയായി. അതോടെ, ഈ സ്റ്റോറി  കൊടുത്തു റോയ് കുര്യന്റെ ഹൃദയം കവരുക എന്ന പദ്ധതി പാളി.  ചുരുങ്ങിയത് 25 ലക്ഷമാണ് അവർ റോയ് കുര്യനിൽ നിന്ന് പ്രതീക്ഷിച്ചത്  എന്ന് അവരുടെ സംസാരത്തിൽ നിന്നുതന്നെ എനിക്ക് മനസിലായി. കലിമൂത്ത ജോസുകുട്ടി അയാളുടെ സെക്രട്ടറിയെ വിട്ടു റൂമിലേക്ക് വിളിപ്പിച്ചു. ഒട്ടും മര്യാദയില്ലാതെയാണ്  സംസാരിച്ചത്. ശമ്പളം വാങ്ങുന്ന തൊഴിലാളികൾ സെക്രട്ടറിയുടെ മുന്നിൽ വച്ച്  സംസ്‌കൃതത്തിൽ  സംസാരിക്കുന്നതു  അവരതുവരെ  കേട്ടിട്ടേ ഇല്ലെന്നു തോന്നുന്നു. അതവിടെ സംഭവിച്ചു. അതിനു ശേഷം എന്നോട് മിണ്ടിയിട്ടില്ല, മൂന്നു പേരും. കോറിഡോറിൽ വച്ച് കണ്ടാൽ ഒഴിഞ്ഞുമാറും. ഞാൻ ഡിസ്കിലുണ്ടെകിൽ അങ്ങോട്ടുള്ള ഉലാത്തൽ ഒഴിവാക്കും. 

പണിയറിയാവുന്ന എട്ടുപത്തു പേരെ കുരുക്കിട്ടുവലിച്ചു ഞാൻ കൂടെക്കൂട്ടിയിരുന്നു. കപ്പൽഛേദം വന്ന അഴിമുഖം പോലെയായിരുന്നു  അന്ന് റിപ്പോർട്ടർ ഡെസ്ക്. ചാനൽ സ്‌ക്രീനിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വെബ്സൈറ്റ് ഏറെക്കുറെ നിലച്ച മട്ടായിരുന്നു. 25000 രൂപയുടെ മാത്രം വരുമാനമുണ്ടായിരുന്ന സൈറ്റിനെ മൂന്നു മാസം കൊണ്ട് 18  ലക്ഷം രൂപയുടെ വരുമാനത്തിലെത്തിച്ചത്  ആ സംഘമായിരുന്നു. അവരുണ്ടാക്കിയ വലിയ  എൻഗേജ്മെന്റിന്റെ ബലത്തിലാണ് റിപ്പോർട്ടർ ഒന്ന് എഴുന്നേറ്റുനിന്നത്.  ബ്രദേഴ്‌സിന്റെ കസർത്തു കാരണം അവരുടെഎല്ലാം സ്വസ്ഥത കെട്ടു. 

ഇനി ചില സുഹൃത്തുക്കൾ ഉന്നയിച്ച ചോദ്യത്തിലേക്ക് വരാം. മുട്ടിൽ മരംമുറി കേസിൽ റിപ്പോർട്ടർ ചാനലിന്റെ പങ്ക് എന്താണ്? എനിക്ക് ഉറപ്പിച്ചു പറയാവുന്ന കാര്യം ഇതാണ്: കാട്ടുകൊള്ളയിലേക്കു നയിച്ച  ഗൂഢാലോചനയിൽ നികേഷ് കുമാർ പങ്കെടുക്കുകയോ കൊള്ളയുടെ പങ്കു പറ്റുകയോ ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ ക്രിമിനലുകളുടെ ഗൂഢാലോചനയെ കുറിച്ച അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും  ഞാൻ കരുതുന്നില്ല. നമ്മുടെ സങ്കല്പങ്ങൾക്കൊക്കെ അപ്പുറത്തുള്ള  ക്രിമിനലുകളാണ് അവർ. സമാന്തരമായി ഈ ഗൂഢാലോചന നടത്തുമ്പോൾതന്നെ  അവർ റിപ്പോർട്ടർ ചാനലിൽ സജീവായി ഇടപെട്ടിരുന്നു. റിപ്പോർട്ടറിന്റെ പേരും സൗകര്യങ്ങളും അവർ ദുരുപയോഗം ചെയ്തിരുന്നു. റിപ്പോർട്ടറിന്റെ ചെയർമാൻ എന്ന ഇല്ലാ പദവി പറഞ്ഞു  റോജി അഗസ്റ്റിൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടിത്തിയിരുന്നു. നേരത്തെ കോതമംഗലത്തു പോയ അതേ റിപ്പോർട്ടറെ  അഗസ്റ്റിൻ സഹോദരന്മാരുടെ കാറിൽ കയറ്റി വയനാട്ടിൽ കൊണ്ടുപോകുകയും അവർ പറയുന്ന പോലെ വാർത്തകൾ ചെയ്യിക്കുകയും ചെയ്തിരുന്നു. കേസാവുകയും ഒളിവിലേക്കു പോവുകയും ചെയ്യുന്നതിന് തൊട്ടുമുമ്പ് വരെ അവർ റിപ്പോർട്ടർ ചാനലിൽ വരാറുണ്ടായിരുന്നുവന്നു അറിയാം. ഇത്രയുമാണ് എനിക്ക് അറിയാവുന്നതു. ഏഴു മാസംകൊണ്ട് ചാനലിന്റെ എഡിറ്റർ സ്ഥാനം ഉപേക്ഷിക്കാനുള്ള കാരണം പറയാൻ നിര്ബന്ധിച്ചവരോട്   "റിപ്പോർട്ടർ ചാനലിന്റെ നടത്തിപ്പിനെ കുറിച്ചുള്ള എന്റെ ചില പരിഭവങ്ങൾ" എന്നു മാത്രമേ ഞാനന്ന് പറഞ്ഞുള്ളൂ. അത് ഇതായിരുന്നു. 

ഒരു ന്യൂസ്റൂമിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കിയുള്ളവരുണ്ടാകും. സംഭവിക്കും. സ്ഥാപനത്തിന് പണം മുടക്കുന്നവർ സാമ്പത്തിക ക്രിമിനലുകളായിരിക്കുകയും മാധ്യമ പ്രവർത്തകർ അവർക്കുമുമ്പിൽ നിസ്സഹായരാവുകയും ചെയ്താൽ ഇതുതന്നെ സംഭവിക്കും. ഏതൊരു കച്ചവട സ്ഥാപനവും പോലെയാണ് അവർക്കു ന്യൂസ്‌റൂമുകളും. അവർ വ്യാജവാറ്റുകേന്ദ്രങ്ങൾക്കു  മഹാത്മാഗാന്ധി വിലാസം മധുശാല എന്ന് പേരിടും. അവർ അവരുടെ പുതിയ റിപ്പോർട്ടർ ചാനലിന് "ഫൈറ്റ് ഫോർ ജസ്റ്റിസ്" എന്ന് ടാഗ്‌ലൈൻ എഴുതും. നല്ല  മാധ്യമ പ്രവർത്തകർ  ജീവിതം പകരം നല്കിയുണ്ടാക്കുന്ന ക്രെഡിബിലിറ്റിയെ അവർ അവരുടെ നിയമലംഘനങ്ങൾക്കു മറയാക്കും. ഒന്നോ രണ്ടോ കോടി രൂപ നികേഷിനു കൈവായ്പ നൽകിയതിന്റെ പുറത്തു അന്നെന്നോട് അത്രയും പരാക്രമം കാണിക്കാമെങ്കിൽ പൂർണ ഉടമസ്ഥർ ആയ സ്ഥിതിക്ക് അവരിപ്പോൾ അവിടെ എന്ത് ചെയ്യുന്നുണ്ടാകും എന്ന് ഊഹിക്കാൻ കഴിയും. അവർ ഉണ്ണി ബാലകൃഷ്‌ണന്‌ ജേർണലിസം ലെക്ച്ചർ കൊടുക്കുന്നുണ്ടാകും. അവർ റിപോർട്ടർമാർക്കു നേരിട്ട് അസൈൻമെന്റ് നല്കുന്നുണ്ടാകും.  അവർ മുന്തിയ തലക്കെട്ടുകൾ നിർദേശിക്കുന്നുണ്ടാകും. നിങ്ങളറിയാതെ അവർ നിങ്ങളെ വിറ്റുകാശാക്കിയിട്ടുണ്ടാവും.  

ഇത്രയുമെഴുതിയതു ആരെയും ഇകഴ്ത്തി കെട്ടാനല്ല. അടിസ്ഥാനപരമായി ഒരു മാധ്യമ സ്ഥാപനത്തിന്റെ വിശ്വസനീയത ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുടെ വിശ്വാസ്യതയാണ് എന്ന്‌ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയാനാണ്.  അതിനപ്പുറം ഒരു ട്രസ്റ്റ് വായനക്കാർക്കോ പ്രേക്ഷകർക്കോ ഉണ്ടാകണമെങ്കിൽ അതിലെ വാർത്താസംഘം രാപകലില്ലാതെ ജാഗ്രത പുലർത്തണം. ആ ഭാഗത്തു നിങ്ങൾ ദയനീയമായി പരാജയപ്പെട്ടു. എന്തെല്ലാം സമ്മർദ്ദമുണ്ടായാലും ആ ക്രിമിനൽ സംഘത്തിൽപെട്ടവരുടെ ഇരു വശത്തുമായി നിങ്ങൾ പ്രോമോകൾക്കു നിന്ന് കൊടുക്കരുതായിരുന്നു.  കരിയറിലുടന്നീളം നന്നായി അറിയാവുന്ന ഉണ്ണി ബാലകൃഷ്‌ണനോടും സ്‌മൃതി പരുത്തിക്കാടിനോടും ആർ. ശ്രീജിത്തിനോടുമുള്ള ഒരു പരിഭവം പറച്ചിലായി ഇതിനെ കണ്ടാൽ മതി. നികേഷ് എന്തിനു ഇത് ചെയ്തു എന്നാണ് പലരും എന്നോട് ചോദിച്ചത്.  ജേര്ണലിസ്റ്റായ ഒരു മാധ്യമ സംരംഭകൻ ഇതുവരെ സഞ്ചരിക്കാത്ത വഴികളിലാവാം അയാൾ  എന്ന്‌ ഒരാളോട് ഞാൻ മറുപടി പറഞ്ഞു.

ഈ വിഷയത്തെ കുറിച്ചുള്ള എന്റെ ഗിരിപ്രഭാഷണം ഇതോടെ നിര്ത്തുന്നു.