അധികാരത്തിന്റെ സുഖശീതളിമയില്‍ ധാര്‍മികബോധം മറക്കുന്നുവെന്ന് എം.ടി.രമേശ്; മറുപടിയുമായി സുരേന്ദ്രന്‍

 | 
BJP
ഫെയിസ്ബുക്ക് പോസ്റ്റില്‍ കെ.സുരേന്ദ്രന് എതിരെ ഒളിയമ്പുമായി ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ്

ഫെയിസ്ബുക്ക് പോസ്റ്റില്‍ കെ.സുരേന്ദ്രന് എതിരെ ഒളിയമ്പുമായി ബിജെപി ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാര്‍മ്മികബോധം മറക്കുകയാണെന്ന് രമേശ് പോസ്റ്റില്‍ പറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായയെ അനുസ്മരിക്കുന്ന പോസ്റ്റിലാണ് നേതൃത്വത്തിനെതിരെ രമേശിന്റെ വിമര്‍ശനം.

തന്നെ നിയോഗിച്ച പ്രവര്‍ത്തനങ്ങളിലെല്ലാം ഭൗതിക നേട്ടങ്ങളോ സ്വകാര്യ ലാഭങ്ങളോ കാംക്ഷിക്കാതെയാണ് ദീന്‍ ദയാല്‍ ഉപാധ്യായ പ്രവര്‍ത്തിച്ചത്. അധികാരത്തിന്റെ സുഖശീതളിമയില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറന്നുപോകുന്ന ധാര്‍മ്മിക ബോധം തിരിച്ചെടുക്കാന്‍ ദീനദയാല്‍ജിയുടെ ഓര്‍മ്മകള്‍ക്ക് സാധിക്കും. സംഘടനയും അതിന്റെ ആദര്‍ശവും മറ്റെന്തിനെക്കാളും മുറുകെ പിടിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന് പോസ്റ്റില്‍ രമേശ് കുറിച്ചു.

എന്നാല്‍ കേരളത്തില്‍ അധികം പേര്‍ക്ക് അധികാരം ലഭിച്ചിട്ടില്ലെന്നായിരുന്നു ഇതിനോട് പ്രതികരിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. അധികാരം ലഭിക്കാത്തവരാണ് ഭൂരിപക്ഷം പ്രവര്‍ത്തകരെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ മാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സുരേന്ദ്രനെതിരെ രമേശിന്റെ പരോക്ഷ വിമര്‍ശനം.