മുല്ലപ്പെരിയാറിലെ വിവാദം മരംമുറി ഉത്തരവ് മരവിപ്പിച്ചു; ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെന്ന് മന്ത്രി

 | 
Mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിലെ മരം മുറിക്കാനുള്ള വിവാദ ഉത്തരവ് മരവിപ്പിച്ചു. വനംവകുപ്പാണ് നടപടി സ്വീകരിച്ചത്. ഉത്തരവിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവം വിവാദമാകുകയും ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടെന്നും അതിന്റെ തെളിവ് ഉടന്‍ പുറത്തുവിടുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറയുകയും ചെയ്തിരുന്നു.

നയപരമായ വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനം ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നാണ് വനം മന്ത്രി പറഞ്ഞത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. ഉത്തരവിറങ്ങിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എന്‍സിപിയും രംഗത്തെത്തിയിരുന്നു. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണ്. തീരുമാനം കൂടിയാലോചിച്ച് എടുക്കേണ്ടതായിരുന്നുവെന്നും പി.സി.ചാക്കോ പറഞ്ഞു.

ബേബി ഡാമിന് സമീപമുള്ള 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ മരങ്ങള്‍ മുറിച്ചാലേ ബേബി ഡാം ശക്തിപ്പെടുത്താന്‍ കഴിയൂ എന്ന് കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.