മുല്ലപ്പെരിയാറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്; വീണ്ടും ഷട്ടര്‍ തുറന്നു

 | 
Mullaperiyar

മുല്ലപ്പെരിയാറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. 141.40 അടിയാണ് രേഖപ്പെടുത്തിയ ജലനിരപ്പ്. തിങ്കളാഴ്ച അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിലെ ഷട്ടര്‍ വീണ്ടും തുറന്നു. രാവിലെ 8 മണിയോടെ ഒരു ഷട്ടറാണ് ഉയര്‍ത്തിയത്.

വി3 ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി 397 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ അടച്ചത്. ഒരു ദിവസത്തിനകം വീണ്ടും തുറക്കേണ്ടി വന്നു. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 142 അടി വരെ ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാടിന് സാധിക്കും.

എന്നാല്‍ കനത്ത മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ത്തുന്നത് അടിയന്തര സാഹചര്യം സൃഷ്ടിച്ചേക്കാമെന്ന ആശങ്കയുണ്ട്. ജലനിരപ്പ് ക്രമീകരിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തമിഴ്‌നാടിന് അനുമതിയുണ്ട്.