മുല്ലപ്പെരിയാര്‍ മരംമുറി വിവാദം; സര്‍ക്കാരിനെതിരെ എന്‍സിപി
മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി നല്‍കിയ സംഭവത്തില്‍ സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി എന്‍സിപി. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ പറഞ്ഞു. വനംവകുപ്പ് മന്ത്രി അറിയാതെയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെങ്കില്‍ അത് ഗുരുതരമായ അച്ചടക്കലംഘനമാണ്. തീരുമാനം കൂടിയാലോചിച്ച് എടുക്കേണ്ടതായിരുന്നുവെന്നും പി.സി.ചാക്കോ പറഞ്ഞു.
മരം മുറിക്കാന്‍ അനുവാദം നല്‍കിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും മന്ത്രി പോലും അറിയാതെ ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. നയപരമായ വിഷയത്തില്‍ വകുപ്പു മന്ത്രി പോലും അറിയാതെ ഉത്തരവിറക്കിയതില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഇക്കാര്യത്തില്‍ മന്ത്രി വിശദീകരണം ചോദിച്ചിരിക്കുകയാണ്.
തമിഴ്‌നാട് മരം മുറിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് അനുമതി കൊടുത്താല്‍ അവര്‍ മുറിക്കുമല്ലോ എന്നാണ് മന്ത്രി പ്രതികരിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് മരം മുറിക്കാന്‍ കേരളം അനുമതി നല്‍കിയതായി ട്വിറ്ററിലൂടെ അറിയിച്ചത്. തിരുവനന്തപുരത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ നിന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്.