മുല്ലപ്പെരിയാര്‍; 2006ല്‍ നല്‍കിയ പത്രക്കുറിപ്പും ലേഖനവും പങ്കുവെച്ച് വി.എസ്.അച്യുതാനന്ദന്‍

 | 
Mullaperiyar

മുല്ലപ്പെരിയാര്‍ ഡാം വീണ്ടും ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തില്‍ 2006ല്‍ പുറത്തിറക്കിയ പത്രക്കുറിപ്പും ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും പങ്കുവെച്ച് വി.എസ്.അച്യുതാനന്ദന്‍. 2006 ഫെബ്രുവരിയില്‍ പ്രതിപക്ഷനേതാവായിരിക്കെ പുറത്തിറക്കിയ പത്രക്കുറിപ്പും ആ വര്‍ഷം സെപ്റ്റംബറില്‍ മുഖ്യമന്ത്രിയായിരിക്കെ എഴുതിയ ലേഖനവുമാണ് ഫെയിസ്ബുക്കില്‍ വിഎസ് പങ്കുവെച്ചത്. ജലനിരപ്പ് 142 അടിയാക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് വാര്‍ത്താക്കുറിപ്പ്. തമിഴ്‌നാടിന് ജലം നല്‍കുമെന്നും എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നുമാണ് ലേഖനത്തില്‍ വിഎസ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത അറിയിച്ചതിനെക്കുറിച്ചും വിഎസ് സൂചിപ്പിക്കുന്നുണ്ട്.

പോസ്റ്റ് വായിക്കാം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയില്‍ ഞാന്‍ പ്രതിപക്ഷ നേതാവായിരിക്കെ നല്‍കിയ പത്രക്കുറിപ്പും, അതേ വര്‍ഷം സെപ്തംബറില്‍ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയില്‍ എഴുതിയ ലേഖനവും പുനഃപ്രസിദ്ധീകരിക്കുന്നു.
തിരുവനന്തപുരം,
27.02.2006.
പത്രക്കുറിപ്പ്
വി.എസ്. അച്യുതാനന്ദന്‍.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്. ഒരു ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത്, തമിഴ്നാട് സംസ്ഥാനത്തിന്റേത് എന്നതുപോലെ കേരളത്തിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാന്‍ സുപ്രീംകോടതിയ്ക്ക് ബാധ്യതയുണ്ടായിരുന്നു. അതുകൊണ്ട് ഈ കേസ് സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ചിന് കൈമാറുന്നതിനുളള നടപടികള്‍ ഉടന്‍ എടുക്കണെമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ വേണ്ടതുപോലെ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും ഈ വിധി വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച സസ്പെന്‍ഷനിലായ കൈക്കൂലിയ്ക്കും അഴമതിയ്ക്കും പേരുകേട്ട ഒരു ചീഫ് എഞ്ചിനീയര്‍ ആയിരുന്നു ഈ സുപ്രധാന വിഷയം കൈകാര്യം ചെയ്തിരുന്നത്. സ്വാഭാവികമായും നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ക്ക് വഴങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍, സംസ്ഥാനത്തിനു വേണ്ടി കേസ് വാദിച്ച അഭിഭാഷകരെ യഥാസമയം അറിയിക്കുന്നതില്‍ ഇദ്ദേഹം വീഴ്ചവരുത്തിയുണ്ടാകും എന്നുറപ്പാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങള്‍ താഴെ പറയുന്നു:
1. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി.
2. തമിഴ്നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു.
3. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.
4. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും
5. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനുപുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകും.
(നേരിനൊപ്പം)                                                                      13..09..2006
മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയത്തെപ്പറ്റിയും അതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മേല്‍ തൂങ്ങിക്കിടക്കുന്ന ആപത്തിനെപ്പറ്റിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞപ്പോള്‍, നിയമസഭക്കകത്തും പുറത്തും ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അതിശയോക്തിയായി കണ്ടണ്ടവരുണ്ട്. ഒരണക്കെട്ട്, അതിലെ വെള്ളം - അതിലെന്താണിത്രമാത്രം വേവലാതിപ്പെടാന്‍ എന്ന് ചിലരെങ്കിലും അതിശയം കൂറി. എന്നാലിപ്പോള്‍ കേരളീയരെല്ലാം ഏറെ ഉത്ക്കണ്ഠണ്ടപ്പെടുന്ന ഒരു പ്രശ്നമായി, ദൈനംദിനം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമായി മുല്ലപ്പെരിയാര്‍ മാറിയിരിക്കുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്നൈയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ കാണുകയുണ്ടായി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചര്‍ച്ച നടത്തി രമ്യതയിലെത്തേണ്ടതിന്റെ പ്രാധാന്യം ആ അവസരത്തില്‍ പറയുകയുണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ തല്‍ക്കാലം സ്റ്റാറ്റസ്‌കോ തുടരാന്‍ നടപടിയെടുക്കുകയും മുഖ്യമന്ത്രി തല ചര്‍ച്ചയ്ക്ക് വഴി തുറക്കുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ഞാന്‍കഴിഞ്ഞ ദിവസം കരുണാനിധിക്ക് കത്തയച്ചു. പ്രശ്നം വഷളാക്കാന്‍, വൈകാരികതയുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാന്‍ ചിലരുടെ ഭാഗത്തു നിന്നും ഔദ്യോഗികവും അനൗദ്യോഗികവുമായി ചില നീക്കങ്ങളുണ്ടായതിനെ തുടര്‍ന്നാണ് കത്തയച്ചത്. അണക്കെട്ട് സന്ദര്‍ശിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും എത്തുമ്പോള്‍ തടയുന്നതിനുള്ള ശ്രമം, സ്വീപ്പേജ് വാട്ടര്‍ പരിശോധിക്കാന്‍ നടത്തിയ ശ്രമം തടഞ്ഞത്, ജലനിരപ്പ് 142 അടിയാക്കാനുള്ള നീക്കം, അണക്കെട്ടിന്റെ പരിസരത്ത് തമിഴ്നാട് പോലീസിനെ വിന്യസിക്കുമെന്ന പ്രഖ്യാപനം, അണക്കെട്ടിനടുത്ത് പൂജനടത്തല്‍, ജലനിരപ്പുയര്‍ത്തണമെന്നാവശ്യപ്പെട്ട് റാലി നടത്താനുള്ള വൈക്കോയുടെയും മറ്റും നീക്കം - ഇങ്ങനെ അപക്വവും ഏകപക്ഷീയവും ധാര്‍ഷ്ഠ്യം നിറഞ്ഞതുമായ നടപടികളുണ്ടായപ്പോഴാണ് തികഞ്ഞ സംയമനത്തോടെ കരുണാനിധിക്ക് കത്തയച്ചത്. ആ കത്തിന് കരുണാനിധിയുടെ ഭാഗത്തു നിന്നും അനുകൂലമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി തല ചര്‍ച്ച വൈകാതെ നടത്താന്‍ കഴിയും.
കേരളത്തിന്റെ വെള്ളം എന്തിന് തമിഴ്നാടിന് കൊടുക്കുന്നു, അങ്ങനെ സൗമനസ്യവും ഔദാര്യവുമൊന്നും വേണ്ട എന്ന് തീവ്രവാദപരമായി പറയുന്ന ചിലര്‍ കേരളത്തിലുണ്ട്. തമിഴ്നാട്ടിലെ അധികൃതരില്‍ ഒരു വിഭാഗവും അവിടത്തെ ചില സംഘടനകളും അതിവൈകാരികതയോടെ, ധാര്‍ഷ്ഠ്യത്തോടെ ഈ വിഷയത്തില്‍ സ്വീകരിക്കുന്ന സമീപനത്തിന് അതേ നാണയത്തില്‍ പ്രതികരിക്കുന്ന സമീപനം. അത് ആശാസ്യമല്ല. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാട്ടിന് നല്‍കുന്ന കാര്യത്തില്‍ വീണ്ടുവിചാരമില്ല. വെള്ളം നല്‍കുക തന്നെ വേണം. എന്നാല്‍ ജലനിരപ്പ് 136 അടിയില്‍ ഒരിഞ്ച് കൂട്ടാന്‍ അനുവദിക്കാനാവില്ല; അണക്കെട്ടിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ അണക്കെട്ടുണ്ടാക്കാന്‍ തമിഴ്നാട് തയ്യാറാകണം - ഇതാണ് സംസ്ഥാനത്തിന്റെ സുചിന്തിതമായ നയം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കാമെന്ന് സുപ്രീംകോടതി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വിധിക്കുകയുണ്ടായി. കേരളത്തിന്റെ താല്പര്യം അവഗണിച്ചുകൊണ്ടുള്ള വിധിയാണത്. അതിനാല്‍ പുനഃപരിഗണന അനിവാര്യമാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കോടതി വിധികളിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ല. ആര്‍ബിട്രേറ്റര്‍മാരെ നിയമിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നാണ് ആദ്യത്തെ കരാറില്‍ത്തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രണ്ട് ആര്‍ബിട്രേറ്റര്‍മാരെ നിയമിക്കുക, അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അമ്പയറെ നിയമിക്കുക എന്നതാണ് നിബന്ധന. ആര്‍ബിട്രേറ്ററേയും അമ്പയറേയും നിയോഗിച്ച് പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കിയതിന്റെ അനുഭവം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ മുമ്പുണ്ടായിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള അവകാശത്തിനു വേണ്ടി 1932ല്‍ തമിഴ്നാട് ശ്രമിച്ചു. അതിനെ തിരുവിതാംകൂര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആര്‍ബിട്രേറ്റര്‍മാരെ നിയമിച്ചു. അവര്‍ വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്പയറായി നളിനി രഞ്ചന്‍ ചാറ്റര്‍ജിയെ നിയോഗിച്ചു. ജലസേചനാവശ്യത്തിനു മാത്രമാണ് കരാര്‍ പ്രകാരം തിരുവിതാംകൂര്‍ തമിഴ്നാടിന് വെള്ളം അനുവദിക്കുന്നതെന്നതിനാല്‍ വൈദ്യുതോല്പാദനത്തിന് അവര്‍ക്ക് അധികാരമില്ലെന്ന് അമ്പയര്‍ വിധിച്ചു. എന്നാല്‍ 1970 ല്‍ മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ തമിഴ്‌നാടുമായി കേരളം കരാറുണ്ടാക്കിയെന്നത് വേറെ കര്യം. പറഞ്ഞുവന്നത് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കോടതി വഴിയല്ല പരിഹാരം കാണേണ്ടതെന്നാണ്. എന്നാല്‍ നിലവില്‍ കേസുകള്‍ കോടതിയില്‍ നടന്നുവരുന്നതിനാല്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കാന്‍ കോടതിയില്‍ പരമാവധി ശ്രമം നടത്തും.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് രാജഭരണകാലത്ത് ഉണ്ടാക്കിയ പാട്ട കരാറില്‍ത്തന്നെ വളഞ്ഞവഴി പ്രകടമാണ്.  തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചുവിടാനായി പെരിയാറില്‍ അണകെട്ടുന്നതിന് നിര്‍ദ്ദേശമുയര്‍ന്നപ്പോള്‍ 1882 ഒക്ടോബറില്‍ ദിവാന്‍ പേഷ്‌കാറുടെ നേതൃത്വത്തില്‍ കമ്മിറ്റിയുണ്ടാക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. 1882 മാര്‍ച്ച് 20ന് ആ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് ഡാം നിര്‍മ്മിക്കുന്നത് തിരുവിതാംകൂറിന്റെ രക്ഷക്ക് ഭീഷണിയാണെന്നാണ്. എന്നാല്‍ വിശാഖം തിരുനാള്‍ മഹാരാജാവ് അന്തരിച്ച ശേഷം ഭരണം ഇവിടെ അല്പം ദുര്‍ബലമായെന്നു തോന്നിയ ഘട്ടത്തില്‍ മദിരാശി ഭരണകൂടം ഒരു തരത്തില്‍ കരാര്‍ അടിച്ചേല്പിക്കുകയായിരുന്നു. തൊള്ളായിരിത്തി തൊണ്ണൂറ്റി ഒന്‍പത് വര്‍ഷത്തേക്ക് മുല്ലപ്പെരിയാറിലെ വെള്ളം അണകെട്ടി കൊണ്ടുപോകുന്നതിനുള്ള കരാര്‍. പ്രതിഫലം നാമമാത്രം. അണകെട്ടുന്നതിന് എണ്ണായിരം ഏക്കര്‍ സ്ഥലമാണ് വിട്ടുകൊടുത്തത്.
1895ല്‍ വെന്റ്ലോക്ക് പ്രഭു മുല്ലപ്പെരിയാര്‍ അണക്കെട്ട് കമ്മീഷന്‍ ചെയ്തു. അണകെട്ടാന്‍ നേതൃത്വം നല്‍കിയ ചീഫ് എഞ്ചിനീയര്‍ പെന്നി ക്വീക്ക് അപ്പോള്‍ അവകാശപ്പെട്ടത് അണയുടെ ആയുസ്സ് അമ്പതുകൊല്ലം എന്നാണത്രേ! ചുണ്ണാമ്പും മണലും ഉപയോഗിച്ച് ഉറപ്പിച്ച കല്ലുകള്‍. ഇന്നത്തെ നിലക്ക് പഴഞ്ചനായ എഞ്ചിനീയറിംഗ് രീതി. ഇപ്പോള്‍ നൂറ്റിപ്പതിനൊന്ന് കൊല്ലമായിരിക്കുന്നു. അണക്കെട്ടിന് ബലക്ഷയം സംഭവിച്ചിരിക്കുന്നു. മുല്ലപ്പെരിയാര്‍ മേഖലയില്‍ ഒന്നിലേറെ തവണ ഭൂചലനമുണ്ടായി. ഭൂകമ്പസാദ്ധ്യതയുള്ള മേഖലയായി മുല്ലപ്പെരിയാര്‍ മേഖല തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍. . . . .
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാര്‍. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറില്‍ അതിന്റെ ഉത്ഭവകേന്ദ്രമായ ശിവഗിരി മലകളില്‍ നിന്നും നാല്പത്തെട്ട് കിലോമീറ്ററോളം താഴ്ചയില്‍, പോഷക നദിയായ മുല്ലയാര്‍ ചേരുന്നിടത്ത് അണകെട്ടിയിട്ട് 111 വര്‍ഷമായിരിക്കുന്നു. നൂറ് വര്‍ഷത്തിനു മേല്‍ പഴക്കമുള്ള നാല്പതോളം അണകളാണ് ഇന്ത്യയിലുള്ളത്. പഴയ എഞ്ചിനീയറിംഗ് രീതിയും പഴക്കവും ആ അണകള്‍ക്കെല്ലാം ഭീഷണിയാണ്. എന്നാല്‍ അതിന് പുറമേ ഭൂകമ്പ ഭീഷണിയും ഭൂമിശാസ്ത്രപരമായ മറ്റ് സാഹചര്യങ്ങളും കൂടി ആശങ്ക വിതക്കുന്നത് മുല്ലപ്പെരിയാറിന്റെ കാര്യത്തിലാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക. പരോക്ഷമായി അഞ്ചു ജില്ലകളിലെ മുപ്പത്തഞ്ച് ലക്ഷത്തോളം ജനങ്ങളേയും ബാധിക്കുന്ന പ്രശ്നം, ഇടുക്കി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട 24 ചത്രുശ്രമൈല്‍ വരുന്ന ജലാശയങ്ങള്‍, ഇടുക്കിയിലെ മൂന്ന് അണക്കെട്ടുകള്‍ - ആര്‍ച്ച് ഡാം, ചെറുതോണി, കുളമാവ് - എന്നിവയാകെ അപകടപ്പെട്ടേക്കാം. അതായത് മുല്ലപ്പെരിയാറിന് അപകടം സംഭവിച്ചാല്‍ കേരളത്തിന്റെ തകര്‍ച്ചയാണ് സംഭവിക്കുക.
എന്നിട്ടും അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കാന്‍ തമിഴ്നാട് ശ്രമിക്കുന്നു. അതിന് സുപ്രീംകോടതി അനുമതി നല്‍കുന്നു! മുമ്പ് 142 അടിയും ചില ഘട്ടങ്ങളില്‍ അതിലേറെയും ഉണ്ടായിരുന്ന ജലനിരപ്പ് 136 അടിയായി പരിമിതപ്പെടുത്തിയത് കേരളമല്ല. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ: കെ.സി.തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ തീരുമാനിച്ചതും അംഗീകരിക്കപ്പെട്ടതുമാണ്. 136 അടിയായി കുറച്ചാല്‍ മാത്രം പോര, അണക്കെട്ടിന്റെ ബലം കൂടണമെന്നും വാട്ടര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇരുപത്തേഴുകൊല്ലം മുമ്പായിരുന്നു അത്. അതനുസരിച്ച് ചില പ്രവൃത്തികള്‍ തമിഴ്നാട് ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇനിയും അഭംഗുരം തുടരണമെന്ന വാദത്തിന് ശക്തി പകരുന്നില്ല.
അണക്കെട്ട് അപകടത്തിലാണ്. അതിവേഗം പുതിയ അണക്കെട്ട് നിര്‍മ്മിക്കാവുന്നതാണ്. ആധുനിക എഞ്ചിനീയറിംഗിന്റെ ബലത്തില്‍ കരുത്തുറ്റ അണക്കെട്ട്. അതോടെ പഴയ അണക്കെട്ട് പ്രവര്‍ത്തനരഹിതമായി പ്രഖ്യാപിക്കപ്പെടണം. അങ്ങനെയാണെങ്കില്‍ കേരളത്തിന്റെ ആശങ്ക തീരും. തമിഴ്നാടിന്റെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്യും.
തമിഴ്നാട്ടിലെ രണ്ടു ജില്ലകളിലെ ലക്ഷക്കണക്കിന് കൃഷിക്കാരുടെ ആശ്രയമാണ് മുല്ലപ്പെരിയാര്‍ ജലം. പ്രതിവര്‍ഷം നൂറുകോടി ക്യുബിക് അടിയോളം വെള്ളമാണ് ഇവിടെ നിന്നും അവര്‍ക്ക് കിട്ടുന്നത്. അത് തുടരേണ്ടത് തന്നെയാണ്. എന്നാല്‍ അതിനുവേണ്ടി കേരളത്തിന്റെ ജീവിതം അപകടാശങ്കയിലാക്കുന്ന സ്ഥിതി വന്നാലോ. . . . . . . . . . തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതുവര്‍ഷം വെള്ളം കൊടുക്കാനാണ് കരാര്‍. അന്നുണ്ടാക്കിയ അണക്കെട്ട് 999 വര്‍ഷം തുടരാനല്ല. അതുകൊണ്ട് കേരളത്തിന്റെ സൗമനസ്യത്തോട് അതേമട്ടില്‍ത്തന്നെ തമിഴ്നാടും പ്രതികരിക്കേണ്ടതുണ്ട്. പൂജ നടത്തി വികാരം സൃഷ്ടിക്കുക, റാലി നടത്തി പ്രകോപനമുണ്ടാക്കുക, ഡാം സുരക്ഷാ അതോറിറ്റി സംഘത്തെപ്പോലും തടയുക, കേരളത്തിന്റെ എതിര്‍പ്പ് വകവെക്കാതെ ജലനിരപ്പ് 142 അടിയാക്കാന്‍ നടപടി തുടങ്ങുമെന്ന് പ്രഖ്യാപിക്കുക, കേരളത്തിന്റെ സ്ഥലമായ മുല്ലപ്പെരിയാറില്‍ തമിഴ്നാട് പോലീസിനെ നിയോഗിക്കുമെന്ന് പറയുക - അതെല്ലാം പ്രകോപനമാണ്. അതില്‍ ആരും വീണുപോകരുത്. പ്രശ്നം സൗഹാര്‍ദ്ദത്തോടെ തീര്‍ക്കേണ്ടതുണ്ട്. തല്‍ക്കാലം ആവശ്യം നിലവിലുള്ള സ്ഥിതി തുടരലാണ്. ബാക്കി കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാം.