ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാഖ് ആലം റിമാന്‍ഡില്‍
ആലുവയില്‍ അഞ്ചു വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അസ്ഫാഖ് ആലം റിമാന്‍ഡില്‍. രാവിലെ ആലുവ മജിസ്‌ട്രേറ്റിനു മുന്നില്‍ പ്രതിയെ ഹാജരാക്കി. പതിനാലു ദിവസത്തേക്കാണ് റിമാന്‍ഡ്. പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പ്രതിക്കെതിരെ ബലാല്‍സംഗം, കൊലപാതകം, പോക്‌സോ തുടങ്ങി ഒന്‍പതു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൃത്യം നടത്തിയത് അസ്ഫാഖ് ഒറ്റയ്ക്കാണെന്ന നിഗമനത്തിലാണ് പോലീസ്. അസ്ഫാഖിന്റെ രണ്ടു സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇവര്‍ക്ക് കൊലയില്‍ പങ്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. ബനിയന്‍ ഉപയോഗിച്ച് കഴുത്തു മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കരുതുന്നു. മൃതദേഹത്തില്‍ നിന്ന് ബനിയന്‍ കണ്ടെടുത്തിരുന്നു. ശരീരത്തില്‍ അതിന്റെ പാടുകളും കണ്ടെത്തി. കൊലപ്പെടുത്തിയതിനു ശേഷമാണ് ലൈംഗിക ആക്രമണം ഉണ്ടായത്.
പിന്നീട് കുട്ടിയുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. കല്ലുകൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് താഴ്ത്താന്‍ ശ്രമിച്ചതുകൊണ്ടാണ് താടിയെല്ലില്‍ പൊട്ടലുണ്ടായത്. തുടര്‍ന്ന് മൃതദേഹം താഴ്ത്തിയ ഭാഗം ചാക്കും ഇലകളും കൊണ്ട് മൂടുകയും ചെയ്തു. എങ്കിലും കാല്‍പാദവും കയ്യുടെ ഒരു ഭാഗവും പുറത്തു കണ്ടിരുന്നു.