ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രാഥമികവാദം ഇന്ന്

 | 
aluva


കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രാഥമികവാദം ഇന്ന് ആരംഭിക്കും. എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുക. കൊലപാതകം നടന്ന് മുപ്പതാം ദിവസം അന്വേഷണ സംഘം കുറ്റ പത്രം പൂർത്തിയാക്കിയിരുന്നു. പ്രതി അസാദ് ആലം ബലമായി മദ്യം നൽകിയ ശേഷമാണ് കുട്ടിയെ പീഡിപ്പിച്ച് കൊന്നതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തെളിവുനശിപ്പിക്കൽ എന്നിവയ്ക്കു പുറമെ പോക്സോ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

സംഭവത്തിൽ അതിവേഗ വിചാരണ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ മാസം ആദ്യമാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. 645 പേജുള്ള കുറ്റപത്രം റൂറൽ എസ്പി വിവേക് കുമാറാണ് സമർപ്പിച്ചത്. ശാസ്ത്രീയ തെളിവുകൾ നിർണായകമാണ്. 150 രേഖകളും 75 മെറ്റീരിയൽ ഒബ്ജക്ട്സും അടിസ്ഥാനമാക്കിയാണ് കുറ്റപത്രം. അറസ്റ്റിലായ അസ്ഫാക് ആലം മാത്രമാണ് പ്രതിപട്ടികയിലുള്ളത്. 99 സാക്ഷികളാണുള്ളത്.

ആലുവയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ അഞ്ചുവയസുകാരിയെയാണ് പ്രതി അസ്ഫാക് ആലം ക്രൂരമായി കൊലപ്പെടുത്തിയത്. കാണാതായ കുട്ടിയെ ആലുവ മാർക്കറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ക്രൂരമായ പീഡനത്തിന് വിധേയമാക്കിയ ശേഷമാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.