മരംമുറിക്കേസ്; പ്രതികള്‍ എന്‍.ടി.സാജനുമായും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവുമായും സംസാരിച്ചതിന്റെ രേഖകള്‍ പുറത്ത്

പ്രതികള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജനുമായും 24 ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവുമായും സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നു.
 | 
Muttil
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നതിന്റെ നിര്‍ണായക തെളിവുകള്‍ പുറത്ത്.

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നതിന്റെ നിര്‍ണായക തെളിവുകള്‍ പുറത്ത്. പ്രതികള്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജനുമായും 24 ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മടവുമായും സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നു. പ്രതികളില്‍ ഒരാളായ ആന്റോ അഗസ്റ്റിന്‍ നാല് മാസത്തിനിടെ 86 തവണ സാജനുമായി സംസാരിച്ചിട്ടുണ്ട്. ദീപക് ധര്‍മടവുമായി ആന്റോയും മറ്റൊരു പ്രതിയായ റോജി അഗസ്റ്റിനും 107 തവണ സംസാരിച്ചതായും രേഖകളില്‍ വ്യക്തമാണ്. 

24 ന്യൂസ് ചാനല്‍ റീജനല്‍ ഹെഡ് ആയ ദീപക് ധര്‍മ്മടവും പ്രതികളുേം 2021 ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ സംസാരിച്ചതിന്റെ തെളിവുകളാണ്പുറത്തുവന്നത്. മരംമുറി അട്ടിമറിയിലെ ധര്‍മ്മടം ബന്ധം അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ സാജന്‍ ശ്രമിച്ചതായി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ വനംവകുപ്പ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

കേസില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തയ്യാറാകാതെ വന്നപ്പോള്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും കാട്ടി മേപ്പാടി റേഞ്ച് ഓഫീസര്‍ എം.കെ.സമീര്‍ പരാതി നല്‍കിയിരുന്നു. മരംമുറിക്കേസ് കണ്ടെത്തിയ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ ആന്റോ അഗസ്റ്റിനും 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ ദീപക് ധര്‍മടവും സാജനുമായി ഗൂഢാലോചന നടത്തിയെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്റെ രാജേഷ് രവീന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ സമീറിനെ കുടുക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ സമീര്‍ റേഞ്ച് ഓഫീസറായി ചുമതലയേല്‍ക്കുന്നതിന് മുമ്പായിരുന്നു ഈ മരംമുറി. മുട്ടില്‍ മരമുറിക്കേസ് മറയ്ക്കാനായി ഉദ്യോഗസ്ഥനെതിരെ വ്യാജക്കേസ് ഉണ്ടാക്കുകയായിരുന്നു. ഇതു സംബന്ധിച്ച് വന്നത് വ്യാജ വാര്‍ത്തകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.