കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദന്‍, 'എല്ലാം ബിജെപി നേതൃത്വത്തിന്റെ അറിവോടെ'

 | 
mv govindan

 

കൊടകര കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​​ഗോവിന്ദൻ. കൊടകര വെളിപ്പെടുത്തൽ ​ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ​ഗോവിന്ദൻ കുറ്റപ്പെടുത്തി. 

ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്.  ഇഡിക്കാണ് കേസ് അന്വേഷിക്കാൻ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ ​എം വി ​ഗോവിന്ദൻ പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകൾ മാത്രമേ ഇഡി അന്വേഷിക്കൂ എന്നും വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ ഉപകരണമാണ് ഇ ഡി. കൊടകര കുഴൽപ്പണക്കേസ് കള്ളപ്പണക്കടത്തിന്റെ ഒരംശം മാത്രമാണ്. 

ബിജെപി ഓഫീസിൽ കോടിക്കണക്കിന് രൂപ എത്തിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. അക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. കേരള പോലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്നും അന്വേഷണം നടത്തേണ്ടത് ഇ ഡിയാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ബിജെപിയുടെ കള്ളപ്പണക്കേസ് ഇ ഡി കണ്ടമട്ട് നടിക്കുന്നില്ല. ഇ ഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ആം ആദ്മി ഹർജി തള്ളിയതിനാൽ നിയമപോരാട്ടത്തിൽ ഇനി പ്രസക്തിയില്ലെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാട്ടി. 

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ പ്രതിയായ പിപി ദിവ്യക്കെതിരായ സംഘടനാ നടപടി  ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.