അമ്മ ആശുപത്രിയിൽ; വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടി വനിതാ സിവിൽ പോലീസ് ഓഫീസർ

 | 
ukk

കൊച്ചി: അതിഥി തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി കൊച്ചി സിറ്റി നോർത്ത് വനിതാ പോലീസ് ഓഫീസർ എം എ ആര്യ. ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കു വന്ന പട്‌ന സ്വദേശിനി അജനയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനാണ്  ആര്യ മുലയൂട്ടിയത്. 

ഹൃദ്രോഗിയായ അഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ഇവർക്കൊപ്പമുള്ള നാലു കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ പോലീസ് സ്റ്റേഷനിലേക്കും കൺട്രോൾ റൂമിലേക്കും ആശുപത്രി അധികൃതർ വിളിച്ചു പറഞ്ഞു. വനിതാ സ്റ്റേഷനിൽ നിന്ന്‌ പോലീസുകാരെത്തി കുട്ടികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുഞ്ഞുങ്ങളുടെ അച്ഛൻ ജയിലിലാണ്. 

സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോൾ കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു. ഉറക്കം ഉണർന്നതോടെ വിശന്നു കരയാൻ തുടങ്ങി. കുഞ്ഞ് കരയുന്നത് പാലിനാണെന്ന് മനസിലായ ആര്യ കുഞ്ഞിനെ വാങ്ങി മുലയൂട്ടുകയായിരുന്നു. പിന്നീട് കുട്ടികളെ എസ്.ആർ.എം. റോഡിലുള്ള ശിശുഭവനിലേക്ക് മാറ്റി. വൈക്കം സ്വദേശിനിയായ ആര്യ പ്രസവാവധി കഴിഞ്ഞു 3 മാസം മുൻപാണു ജോലിയിലേക്ക് പ്രവേശിച്ചത്.