മൈസൂരു കൂട്ടബലാല്‍സംഗം; പ്രതികള്‍ പിടിയിലെന്ന് സൂചന

മൈസൂരുവില്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ നാലു പേരാണ് പ്രതികള്‍.
 | 
Arrest
മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയിലെന്ന് സൂചന.

ബംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയിലെന്ന് സൂചന. കേസില്‍ ഓപ്പറേഷന്‍ വിജയമായെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടേക്കും. 

തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും വിവരമുണ്ട്. മൈസൂരുവില്‍ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ നാലു പേരാണ് പ്രതികള്‍. ഇവരില്‍ മൂന്നു പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. കേസില്‍ 6 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയാണ് ചാമുണ്ഡി ഹില്ലില്‍ വെച്ചാണ് ഇവര്‍ ഉത്തരേന്ത്യക്കാരിയായ എംബിഎ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തത്. 

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദ്ദിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഇതിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ നടന്നു വരികയായിരുന്നു. ബുധനാഴ്ച കോളേജില്‍ നടന്ന പരീക്ഷയില്‍ ഇവര്‍ ഹാജരായിരുന്നില്ല. പിന്നാലെ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കര്‍ണാടക പോലീസ് തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.