മൈസൂരു കൂട്ടബലാല്‍സംഗം; അറസ്റ്റിലായത് തിരുപ്പൂര്‍ സ്വദേശികള്‍, ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാള്‍

കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
 | 
Mysore Rape
മൈസൂരു കൂട്ടബലാല്‍സംഗക്കേസില്‍ 5 പേര്‍ അറസ്റ്റിലായി.

മൈസൂരു: മൈസൂരു കൂട്ടബലാല്‍സംഗക്കേസില്‍ 5 പേര്‍ അറസ്റ്റിലായി. കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തിരുപ്പൂര്‍ സ്വദേശികളാണ് അറസ്റ്റിലായവര്‍. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് സംശയിക്കുന്നു. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. മൈസൂരുവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ മലയാളികളെ കേസില്‍ സംശയിച്ചിരുന്നു. 

പ്രതികള്‍ നിര്‍മാണത്തൊഴിലാളികളാണെന്ന് ഡിജിപി അറിയിച്ചു. സംഭവത്തിന് ശേഷം ഇവര്‍ മുങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മൈസൂരു ചാമുണ്ഡിഹില്‍സിന് സമീപത്തെ വിജനമായസ്ഥലത്തുവെച്ച് എം.ബി.എ. വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കുറ്റകൃത്യം നടന്ന സമയത്തെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനുകളുടെ അടിസ്ഥാനത്തില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിയിരുന്നു. കേരളത്തിലും കര്‍ണാടക പോലീസ് അന്വേഷണത്തിന് എത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.