കൊച്ചി അപകടത്തിലെ ദുരൂഹത നീക്കണം, ഹോട്ടലുടമയെ സംശയം; പരാതിയുമായി അന്‍സി കബീറിന്റെ കുടുംബം

 | 
Ansi Kabeer

മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച അന്‍സി കബീറിന്റെ കുടുംബം. ഈ ആവശ്യം ഉന്നയിച്ച് കുടുംബം പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. അപകടത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ റോയിയുടെ നിര്‍ദേശപ്രകാരം നശിപ്പിച്ചെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

അന്‍സിയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്നത് എന്തിനാണെന്ന് അറിയണം. അപകടത്തെ കുറിച്ചുള്ള ദുരൂഹത മാറാന്‍ വിപുലമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയില്‍ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്‌തേക്കും. ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ തുടര്‍ച്ചയായി രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്.

ഇയാളെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു. സിസിടിവി ഡിവിആറുകള്‍ കണ്ടെത്തുന്നതിനായാണ് തെളിവെടുപ്പ്. എക്‌സൈസും തെളിവെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. റോയി ഹാജരാക്കിയ ഡിവിആറില്‍ കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് യഥാര്‍ത്ഥ ഡിവിആര്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ നടത്തുന്നത്.

അപകടമുണ്ടായ നവംബര്‍ ഒന്നിന് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യല്‍.