നഫ്‌ലയുടെ ആത്മഹത്യ; 10 മാസമായിട്ടും ഗര്‍ഭിണിയാകാത്തതിന് മാനസിക പീഡനം നേരിട്ടതായി പരാതി
പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ 19 കാരിയായ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം. ധോണി ഉമ്മിണി പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹ്‌മാന്റെ മകന്‍ നഫ്‌ലയാണ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ നഫ്‌ല കടുത്ത മാനസിക പീഡനം നേരിട്ടതായി സഹോദരന്‍ നഫ്‌സല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് 10 മാസമായിട്ടും ഗര്‍ഭിണിയാകാത്തതിന്റെ പേരില്‍ നഫ്‌ല ക്രൂരമായ മാനസിക പീഡനം നേരിട്ടു. ഭര്‍ത്താവായ മുജീബിന്റെ സഹോദരിയും അമ്മയും പെണ്‍കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നാണ് നഫ്‌സല്‍ പറഞ്ഞത്.
ഗര്‍ഭധാരണത്തിന് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. നഫ്‌ലയുടേത് അല്‍പം തടിച്ച ശരീരപ്രകൃതിയാണ്. അതിന്റെ പേരിലും പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കുന്നതിനായി ഭക്ഷണം നിയന്ത്രിക്കുകയും ദിവസവും 4 കിലോമീറ്റര്‍ വരെ നടക്കുകയും ചെയ്‌തെങ്കിലും പരിഹാസം തുടരുകയായിരുന്നു. ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും ഡയറിയില്‍ മാനസിക പീഡനത്തെക്കുറിച്ച് നഫ്‌ല എഴുതിയിട്ടുണ്ടെന്ന് സഹോദരന്‍ വ്യക്തമാക്കി.
സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും നഫ്‌സല്‍ പറഞ്ഞു. ജനലില്‍ തൂങ്ങി മരിച്ചെന്നാണ് മുജീബിന്റെ വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ ജനലിനോട് ചേര്‍ന്ന് ഒരു മേശയും കട്ടിലുമൊക്കെയുണ്ട്. ഷാള്‍ കഴുത്തില്‍ കുരുക്കി മരിച്ചെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ കഴുത്തില്‍ കയറിന്റെ പാടുണ്ടെന്നും നഫ്‌സല്‍ ആരോപിച്ചു.