നാഗാലാന്‍ഡ്: ഖേദപ്രകടനവുമായി അമിത് ഷാ, രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് പ്രതിപക്ഷം

 | 
AMITH SHA


നാ​ഗാലാൻഡിൽ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ സേന ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഖേദം പ്രകടിപ്പിച്ചു. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണെന്ന് അദേഹം പാർലമെന്‍റില്‍ പറഞ്ഞു. 

'തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 21 കമാന്‍ഡോകള്‍ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം അവിടെ എത്തി. നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ട് പോയി. തുടര്‍ന്ന് അതില്‍ തീവ്രവാദികളാണെന്ന സംശയത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു' അമിത് ഷാ പറഞ്ഞു. 


വാഹനത്തിലുണ്ടായിരുന്ന എട്ട് പേരില്‍ ആറുപേര്‍ മരിച്ചു. ഇവരെല്ലാം തീവ്രവാദികളല്ലെന്ന് പിന്നീട് സൈന്യത്തിന്‌ മനസിലായി. പരിക്കേറ്റ രണ്ടു പേരെ സൈന്യം തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക്  മാറ്റിയെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.  തിങ്കളാഴ്ച വൈകുന്നേരം 250 ഓളം പേരടങ്ങുന്ന ജനക്കൂട്ടം മോണ്‍സിറ്റിയിലെ അസം റൈഫിള്‍സ് താവളം നശിപ്പിക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അസംറൈഫിള്‍സ് ജവാന്മാര്‍ വെടിയുതിര്‍ത്തു. ഇതില്‍ ഒരു സാധാരണക്കാരന്‍ കൂടി കൊല്ലപ്പെടാന്‍ ഇടയാക്കിയെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗതതിന് ശേഷം കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിലോക്സഭയിൽ വിഷയം ഉന്നയിച്ചു. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തുമെന്ന് തുടർന്ന് സ്പീക്കര്‍ ഓംബിര്‍ള അറിയിച്ചു. സ്വന്തം പൗരന്മാരെ വെടിവെച്ചുകൊന്ന സംഭവത്തിൽ ചര്‍ച്ച വേണമെന്നും അതിന് ആഭ്യന്തരമന്ത്രി മറുപടി പറഞ്ഞ ശേഷം മറ്റ് നടപടികൾ മതിയെന്നും പ്രതിപക്ഷം നിലപാടെടുത്തതോടെ ലോക്സഭ ബഹളത്തിൽ മുങ്ങി. 

മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലായിരുന്നു രാജ്യസഭയിലെ നീക്കം. ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രാജ്യസഭ ആദ്യം 12 മണിവരെയും പിന്നീട് രണ്ടുമണിവരെയും നിര്‍ത്തിവെച്ചു. ഇരുസഭകളിലും ഇന്നുതന്നെ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തും. വിഷയത്തിൽ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജ്യസഭയിൽ സസ്പെഷൻ നേരിടുന്ന 12 അംഗങ്ങൾ ഇന്നും പാര്‍ലമെന്‍റ് കവാടത്തിൽ ധര്‍ണ്ണ നടത്തി.