പുതിയ ചിത്രത്തിന് പേരിട്ടു; പ്രഖ്യാപനവുമായി സത്യന്‍ അന്തിക്കാട്

 | 
Makal

ചിത്രീകരണം തുടരുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. മകള്‍ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ജയറാം നായകനാകുന്ന ചിത്രം മീര ജാസ്മിന്റെ തിരിച്ചുവരവിലൂടെ നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ.ഇക്ബാല്‍ കുറ്റിപ്പുറമാണ്.

സിനിമകള്‍ക്ക് വൈകി പേരിടുന്നതാണ് തന്റെ പതിവെന്ന് സത്യന്‍ അന്തിക്കാട് പോസ്റ്റില്‍ കുറിച്ചു. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്. ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു. 'മകള്‍'. അത് നിങ്ങളുമായി പങ്കുവെക്കുന്നുവെന്നും ചിത്രം തീയേറ്ററുകളില്‍ തന്നെ എത്തുമെന്നും സത്യന്‍ അന്തിക്കാട് കുറിക്കുന്നു.

പോസ്റ്റ് വായിക്കാം

പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാറായി. ഇത് വരെ പേരിട്ടിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂര്‍വ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോള്‍ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാന്‍ ഒരു സമയമുണ്ട്.
ഇപ്പോള്‍ പുതിയ സിനിമയുടെ പേര് മനസ്സില്‍ തെളിഞ്ഞിരിക്കുന്നു.
'മകള്‍'.
അത് നിങ്ങളുമായി പങ്കു വക്കുന്നു.
'ഒരു ഇന്ത്യന്‍ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിര്‍മ്മിച്ച 'സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്' നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. അവിസ്മരണീയമായ ദൃശ്യാനുഭവങ്ങള്‍ നല്‍കുന്ന എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
ജയറാമും, മീര ജാസ്മിനും വീണ്ടും ഞങ്ങളോടൊപ്പം ചേരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ പ്രകാശനിലെ ടീന മോളായി വന്ന ദേവിക സഞ്ജയ് ഇത്തവണയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിക്കുക. തിയേറ്ററുകളിലൂടെത്തന്നെ 'മകള്‍' നിങ്ങള്‍ക്കു മുമ്പിലെത്തും.