ചരിത്രം കുറിച്ച് നമീബിയ; അയർലൻഡിനെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ12ൽ

 | 
Namibia

ആഫ്രിക്കൻ രാജ്യമായ നമീബിയ ടി20 ലോകകപ്പിന്റെ സൂപ്പർ 12ൽ പ്രവേശിച്ചു. ലോകകപ്പിന്റെ അവസാന റൗണ്ടിൽ ആദ്യമായിട്ടാണ് അവർ എത്തുന്നത്. ഷാർജയിൽ നടന്ന കളിയിൽ അയർലൻഡിനെ 8 വിക്കറ്റിന് തോൽപ്പിച്ചാണ് അവർ ഗ്രൂപ്പ് എ യിൽ നിന്നും സൂപ്പർ 12ൽ കയറിയത്. ശ്രീലങ്കയാണ് ഈ ഗ്രൂപ്പിലെ ജേതാക്കൾ.
സ്കോർ: അയർലൻഡ് 125/8 (20 ഓവർ) നമീബിയ 126/2 (18.3)

53 റൺസ് എടുത്തു പുറത്താകാതെ നിന്ന നായകൻ ഇറാസ്മസും 2 വിക്കറ്റും പുറത്താകാതെ 28 റൺസും നേടിയ ഡേവിഡ് വീസെയും ആണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. ഗ്രീൻ 24 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയർലൻഡിന് ഓപ്പണർമാർ നല്ല തുടക്കം നൽകി. പോൾ സ്റ്റെർലിംഗ്, കെവിൻ ഒ ബ്രയിൻ എന്നിവർ പവർ പ്ലേ ഓവറുകളിൽ 55 റൺസ് നേടി. സ്കോർ 62ൽ നിൽക്കെ ആണ് അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. സ്റ്റെർലിംഗ് 38ഉം ഒ ബ്രയിൻ 25ഉം നേടി. നായകൻ ബാൽബിർനെ 21 റൺസ് എടുത്തു. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. നമിബിയക്ക് വേണ്ടി ജാൻ ഫ്രൈലിൻക് 3ഉം വീസെ 2 വിക്കറ്റും വീഴ്ത്തി.  

നമീബിയ ആദ്യ 10 ഓവറിൽ പതുക്കെ ആണ് കളിച്ചത്. എന്നാൽ രണ്ടാം വിക്കറ്റ് വീണത്തിന് ശേഷം വീസെ വന്നതോടെ കാര്യങ്ങൾ എളുപ്പമായി.