കർണാടകയിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച്‌ നരേന്ദ്ര മോദി

 | 
NARENDRA MODI


കർണാടകയിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാരുകളെ വിമർശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു സംസ്ഥാനങ്ങളിലും വികസനം നടക്കുന്നില്ലെന്നാണ് വിമർശനം. കർണാടകയുടെ വികസനത്തിന് തങ്ങളുടെ പക്കൽ പണമില്ലെന്ന് സംസ്ഥാന സർക്കാർ തന്നെ സമ്മതിക്കുന്നുണ്ടെന്നും, കടബാധ്യത വർധിക്കുന്ന രാജസ്ഥാനിലും സ്ഥിതി ഇതുതന്നെയാണെന്നും മോദി ആരോപിച്ചു.

മഹാരാഷ്ട്രയിലെ പൂനെയിൽ 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനാണ് ബിജെപി സർക്കാർ പ്രവർത്തിക്കുന്നത്. ഒരു വശത്ത്, ഒമ്പത് വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച അതിവേഗ നേട്ടങ്ങൾ കാണാൻ കഴിയും. പൂനെയിൽ നടക്കുന്ന വികസനം നോക്കൂ, മറുവശത്ത് ബെംഗളൂരുവിൽ എന്താണ് സംഭവിക്കുന്നതെന്നും മോദി ചോദിച്ചു.

 
ഇപ്പോൾ രാജ്യത്തെ മെട്രോ ശൃംഖല 800 കിലോമീറ്ററിലധികം വർധിച്ചുവരികയാണ്. ഇതുകൂടാതെ 1000 കിലോമീറ്റർ പുതിയ മെട്രോ പാതയുടെ പണിയും നടക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ വ്യാവസായിക വികസനത്തിൽ മഹാരാഷ്ട്ര വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ റെയിൽവേ മേഖലയെ ശക്തിപ്പെടുത്താൻ 2014-ന് മുമ്പുള്ളതിനേക്കാൾ 12 മടങ്ങ് കൂടുതൽ ചെലവഴിച്ചതായി മോദി കൂട്ടിച്ചേർത്തു.