നരേന്ദ്ര മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമർശം; പരിഹസിച്ച് ലാലു പ്രസാദ് യാദവ്
Jul 31, 2023, 11:33 IST
| പട്‌ന: 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുന്നതോടെ മോദി രാജ്യം വിടുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടിവരുമെന്ന പേടിയിലാണ് പ്രധാനമന്ത്രിയെന്നും വിദേശത്ത് അഭയം തേടാനുള്ള ആലോചനയിലാണെന്നും ലാലു പ്രസാദ് പരിഹസിച്ചു.
പ്രതിപക്ഷസഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റൽ ഇൻക്ലൂസിവ് അലയൻസിനെ(ഇന്ത്യ) വിമർശിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പ്രതിപക്ഷഐക്യത്തിന്റെ രൂപീകരണം അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രീണനരാഷ്ട്രീയത്തിലും ഊന്നിയാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി ഐക്യത്തിനെതിരെ ക്വിറ്റ് ഇന്ത്യ എന്ന പരിഹാസപരാമർശം ഉന്നയിക്കുകയും ചെയ്തിരുന്നു.മോദിയുടെ ക്വിറ്റ് ഇന്ത്യ പരാമർശത്തിന് മറുപടിയായാണ് ലാലു പ്രസാദിന്റെ പരിഹാസം.